കൊയിലാണ്ടിയിൽ  നടക്കുന്ന അരങ്ങ് 2023 കുടുബശ്രീ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മെയ് 23, 24 തീയതികളിൽ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ    നടക്കുന്ന അരങ്ങ് 2023 കുടുംബശ്രീ ജില്ലാ കലോത്സവം ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  നിർവഹിക്കും. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും.

ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളു ടെയും അകമ്പടിയോട് കൂടി മുൻസിപ്പൽ ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ കലോത്സവ വേദിയായ ഇ.എം.എസ് സ്മാരക ടൗൺ ഹാൾ അങ്കണത്തിൽ സമാപിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.

ജില്ലയിലെ നാല് താലൂക്ക് കലോത്സവങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് മത്സരാർത്ഥികളായി എത്തുക . 50 ഇനങ്ങളിലായി 800 ഓളം കുടുംബശ്രീ അംഗങ്ങൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരക്കും.

കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ബുധനാഴ്ച വൈകുന്നേരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. വിളംബര ജാഥയ്ക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, കൗൺസിലർമാരായ ഇന്ദിര ടീച്ചർ, രത്നവല്ലി ടീച്ചർ, സി.ഡി.എസ്  ചെയർപേഴ്സൺമാരായ എം.പി ഇന്ദു ലേഖ, കെ.കെ വിബിന, മെമ്പർ സെക്രട്ടറി കെ. ഷീബ, ശ്രീഷ്മ ശ്രീധർ, തുഷാര എന്നിവർ നേതൃത്വം നൽകി.