കേരള നോളജ് ഇക്കോണമി മിഷന്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍ മേള ജൂലൈയില്‍ നടക്കും. തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

മൈക്രോപ്ലാന്‍ പദ്ധതിയനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലന്വേഷകര്‍ക്കാണ് പ്രത്യേക തൊഴില്‍മേള നടത്തുന്നത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന സംഘടക സമിതിരൂപീകരണ യോഗത്തിലാണ് തീരുമാനം. നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. നോളജ് ഇക്കണോമി മിഷന്‍ മൈക്രോപ്ലാന്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്ന നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നാണ് സുല്‍ത്താന്‍ ബത്തേരി. നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 3376 തൊഴിലന്വേഷകരാണ് നോളജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിബ്ല്യുഎംഎസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് കരിയര്‍ കൗണ്‍സിലിങ്ങും സൈക്കോമെട്രിക് ടെസ്റ്റും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. ഉദ്യോഗാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, കെ.ഇ വിനയന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ലത ശശി, അനീഷ് വി. നായര്‍, എടയ്ക്കല്‍ മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, നോളജ് ഇക്കോണമി മിഷന്‍ റീജണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അപ്‌സാന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.