സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ‘ബയോ കണക്റ്റ് കേരള 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും.
കോവളം ലീല ഹോട്ടലിൽ മെയ് 25, 26 തീയതികളിൽ നടക്കുന്ന കോൺക്ലേവ് 25ന് രാവിലെ 10ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ രംഗത്തെ പ്രമുഖർ, സംരംഭകർ, അഡ്മിനിസ്‌ട്രേറ്റർമാർ, ഗവേഷകർ, യുവ പ്രൊഫഷണലുകൾ എന്നിവർ പരിപാടിയിൽ സംവദിക്കും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ, നൈപുണ്യ വികസനം, ഡിസ്‌റപ്റ്റീവ് ടെക്‌നോളജി സെഷനുകൾ, വ്യവസായ -അക്കാദമിക സഹകരണങ്ങൾ എന്നിവ കോൺക്ലേവിൽ ചർച്ച ചെയ്യും. വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങൾ മനസിലാക്കുന്നതിനുള്ള മികച്ച ഒരവസരമാണ് കോൺക്ലേവിൽ ഒരുങ്ങുന്നത്.
ലൈഫ് സയൻസ് പാർക്കിനെ മുൻനിർത്തി വ്യവസായികളിൽ നിന്ന് റിസർച്ച് ആൻഡ് ഡവലപ്‌മെന്റി്നും ഉത്പാദന മേഖലയിലും സ്വകാര്യ നിക്ഷേപം ആർജിക്കുകയുമാണ് ലക്ഷ്യം. കേരളത്തിലേക്ക് മികച്ച നിക്ഷേപകരെ ആകർഷിക്കുക, പങ്കാളിത്ത അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വ്യവസായ ബന്ധം വർധിപ്പിക്കുക, കേരള വ്യവസായിക നയത്തിന് കീഴിലുള്ള ഇൻസെന്റീവുകൾ പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, സംരംഭങ്ങൾ എന്നിവ പ്രദർശിപ്പിക്കുക, വ്യവസായ -അക്കാദമിക് ഇന്റർഫേസ് സൃഷ്ടിക്കുക, ഉൽപ്പന്ന വികസനത്തിനും സ്‌കെയിൽ- അപ്പിനുമുള്ള നിക്ഷേപ അവസരങ്ങൾ, വ്യവസായം/അക്കാദമിക നെറ്റ് വർക്കിങ് വളർത്തുക എന്നിവയും കോൺക്ലേവിന്റെ ലക്ഷ്യങ്ങളാണ്.
എക്‌സ്‌പോ (സ്റ്റാർട്ടപ്പുകളുടെ ഉൽപന്നങ്ങളുടെയും ആശയങ്ങളുടെയും പ്രദർശനം), ക്ലാസുകൾ, പാനൽ ചർച്ച, വിവിധ സെഷനുകൾ, സ്റ്റാർട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി സംഗമം, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ കോൺക്ലേവിൽ ലഭിക്കും. ലൈഫ് സയൻസ് ആൻഡ് ബയോ ടെക്നോളജി രംഗത്തെ രാജ്യത്തെ പ്രമുഖർ കോൺക്ലേവിൽ സംസാരിക്കും. ബയോ ടെക്നോളജി, ലൈഫ് സയൻസ്, മെഡിക്കൽ ഡിവൈസസ്, റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ട്അപ്പുകൾ, വ്യവസായികൾ എന്നിവരുടേതുൾപ്പെടെ 45 സ്റ്റാളുകളാണ് കോൺക്ലേവിൽ ഒരുക്കുന്നത്. ഈ മേഖലയിലെ മുൻനിര കമ്പനികൾ, വിദഗ്ധർ, വിദ്യാർഥികൾ, ഗവേഷകർ, റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർ ഉൾപ്പടെ 300 പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും.