കോഴിഫാമിലെ ദുർഗന്ധമൊഴിവാക്കാൻ പദ്ധതി തയ്യാറാക്കി അവതരിപ്പിക്കുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ ആൻ മരിയയും ജോമിഷ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരാണിവർ. പ്രദേശത്ത് കോഴി ഫാമുള്ള നിരവധി കർഷകർക്ക് സഹായം എന്ന നിലയിലാണ് ഇവർ കാര്യമായി പണചെലവുമില്ലാത്ത പദ്ധതി പരിചയപ്പെടുത്തുന്നത്.
വെച്ചൂർ റൈസ് മില്ലിൽ നിന്ന് ശേഖരിച്ച ഉമിക്കരി, പാൽ, കഞ്ഞി വെള്ളം എന്നിവ മാത്രം ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. പാലും കഞ്ഞിവെള്ളവും പ്രത്യേക രീതിയിൽ സൂക്ഷിച്ച് ലാക്ടോ ബാസിലസ് ബാക്ടീരിയ ഉണ്ടാക്കി ഇവ ഉമിക്കരിയുമായി നിശ്ചിത അളവിൽ ചേർത്ത് കോഴി ഫാം മാലിന്യത്തിൽ ചേർക്കുമ്പോൾ മണം ഇല്ലാതാകുക മാത്രമല്ല മാലിന്യത്തിലെ എൻ.പി.കെ യുടെ അളവിൽ വർദ്ധനവുമുണ്ടാകുന്നു എന്നതാണ് കണ്ടുപിടുത്തം.
മഴക്കാലത്ത് മാത്രമല്ല ഏത് കാലവസ്ഥയിലും ഉപയോഗിക്കാവുന്ന ജൈവ വളമായി ഇതോടെ ഈ മാലിന്യം മാറുന്നു. വിദ്യാർത്ഥികളുടെ പരീക്ഷണത്തിന് എം.ജി യൂണിവേഴ്സിറ്റി, അമൽ ജ്യോതി എൻജിനീയറിഗ് കോളേജ്, ആർ.ആർ.ഐ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്. പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകരിക്കപ്പെടട്ടെ എന്ന ചിന്തയിലാണ് ഇവർ എന്റെ കേരളം പ്രദർശ വിപണ മേളയിലെത്തിയത്.