നിധി കാക്കുംപോലെ ചെറുമകളെ കാത്ത് സൂക്ഷിച്ച് ജീവിക്കുന്ന തങ്കയ്ക്ക് കരുതലും താങ്ങുമായി സാമൂഹ്യ നീതി വകുപ്പ്. മാസം തികയാതെ ജനിച്ച ഓട്ടിസം ബാധിതയും കാഴ്ചപരിമിതയുമായ ചെറുമകൾ അനൈനയെയും കൊണ്ട് ധനസഹായം മുടങ്ങിയതിന്റെ വേവലാതിയും പേറിയാണ് പാപ്പിനിവട്ടം സ്വദേശിനി തങ്ക കൊടുങ്ങല്ലൂർ താലൂക്ക് അദാലത്തിലെത്തിയത്. ജീവിതസാഹചര്യം അടുത്ത് കണ്ടപ്പോൾ തന്നെ അടിയന്തര നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.
കാൻസർ ബാധിച്ച് അമ്മയുടെ മരണം കാരണം മാസം തികയാതെ അഞ്ചാം മാസത്തിലാണ് അനൈന ജനിച്ചത്. ചെറുപ്പത്തിലേ അച്ഛനും നഷ്ടപ്പെട്ടു. പ്രായമായിട്ടും ആരുടെ മുന്നിലും തല കുനിക്കാതെ ആരോരുമില്ലാത്ത സ്വന്തം ചെറുമകളെ ചേർത്ത് പിടിച്ച് ഒറ്റയ്ക്ക് പൊരുതുകയാണ് 71 വയസ്സുള്ള തങ്ക എന്ന അമ്മമ്മ.
കാഴച്ചകളില്ലാത്ത ലോകത്ത് ഒന്നുമറിയാതെ ജീവിക്കുന്ന ഭിന്നശേഷിക്കാരിയായ പതിമൂന്ന് വയസ്സുകാരി അനൈനയ്ക്ക് സുരക്ഷയേകി സാമൂഹ്യ നീതി വകുപ്പ് എന്നുമുണ്ടാകും. സാങ്കേതിക കാരണങ്ങളാൽ തടസപ്പെട്ട കേരള സമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസകിരണം പെൻഷൻ പദ്ധതിയുടെ പ്രതിമാസ ധനസഹായവും തിരികെ ലഭിക്കും.
‘എന്റെ മരണം വരെ ഞാൻ എന്റെ ചെറുമകളെ നോക്കും’ എന്ന ദൃഢനിശ്ചയത്തിന് മുന്നിൽ മനസ്സുലയാത്തവരില്ല. താൻ ഇല്ലാതായാലും ചെറുമകൾക്കൊപ്പം സർക്കാരുണ്ട് എന്ന ആശ്വാസവുമായാണ് അദാലത്തിൽനിന്ന് തങ്ക നിറകണ്ണുകളോടെ പടിയിറങ്ങിയത്. വെറും കാഴ്ചകൾക്കപ്പുറം മനസ്സലിയിക്കുന്ന നിരവധി ജീവിതങ്ങൾക്ക് സാക്ഷിയും താങ്ങുമാവുകയാണ് അദാലത്തുകൾ.