ഇളവള്ളി പഞ്ചായത്ത് പൂവത്തൂർ സ്വദേശി അരവിന്ദാക്ഷന് ഇനി പാർക്കാൻ തോളൂർ പഞ്ചായത്തിലെ പകൽവീട് കാരുണ്യ ഒരുങ്ങും. 84കാരനായ അരവിന്ദാക്ഷൻ കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു ഇടം അന്വേഷിച്ചാണ് ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. അരവിന്ദന്റെ നിലവിലെ അവസ്ഥയും സാഹചര്യങ്ങളും വിലയിരുത്തിയ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉടനടി പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയായിരുന്നു. തുടർനടപടികൾക്കായി ജില്ലാ കളക്ടറെയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി.
മരപ്പണിക്കാരനായിരുന്ന അരവിന്ദാക്ഷൻ നിരാലംബനും നിരാശ്രയകനും ആയി തീർന്നിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. നിലവിൽ കോട്ടപ്പടിയിലുള്ള ഓല ഷെഡിലാണ് അരവിന്ദാക്ഷന്റെ താമസം. സുഹൃത്തുക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും കരുണയിലാണ് ജീവിതം മുന്നോട്ടേക്ക് നീങ്ങുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ അവശനായ അരവിന്ദാക്ഷിന് പാർപ്പിടവും ആഹാരവും മരുന്നുമെല്ലാം ആവശ്യമാണ്. അതിലേറെ ഒരു ആശ്രയവും അരവിന്ദക്ഷന് ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം ചെവിയോർത്ത ശേഷമാണ് മന്ത്രി കെ രാജൻ പരിഹാരം നിർദ്ദേശിച്ചത്.
സ്വന്തം നാടായ ഇളവള്ളി പഞ്ചായത്തിൽ പാർക്കാനാണ് അരവിന്ദാക്ഷൻ്റെ ആഗ്രഹം. എന്നാൽ ഇളവള്ളി പഞ്ചായത്തിലെ പകൽവീട് നിലവിൽ പ്രവർത്തനക്ഷമമല്ല. ഇളവള്ളിയിൽ പകൽവീട് ഒരുങ്ങും മുറയ്ക്ക് അരവിന്ദാക്ഷന് സ്വന്തം നാട്ടിൽ അന്തിയുറങ്ങാനുള്ള അവസരം ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.