വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷത്തിലും സമാധാനത്തിലുമാണ് ഹേന നെൽസൺ. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മകൾ ജിയാ നെൽസണോടൊപ്പം സ്വന്തമായൊരു വീട്ടിൽ സുരക്ഷിതത്വത്തോടെ കഴിയാമെന്ന ആശ്വാസത്തിലാണ് അദാലത്ത് വേദിയിൽ നിന്നും ഹേന മടങ്ങിയത്.
സംസാര ശേഷിയും ചലനശേഷിയും ഇല്ലാതെ ശാരീരികവും മാനസികവുമായി തളർന്ന മകളുമായി വർഷങ്ങളായി വാടക വീട്ടിലാണ് തെക്കൻ മാലിപ്പുറം സ്വദേശി ഹേന നെൽസണും ഭർത്താവും താമസിക്കുന്നത്. മൾട്ടിപ്പിൾ ഹാന്റിക്യാപ്ഡ് ആയ മകളുടെ ചികിത്സക്കായി വരുമാനത്തിന്റെ ഏറിയ പങ്കും ചെലവാകുന്നു. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വയ്യാത്ത മകളെ പരിപാലിക്കേണ്ടതിനാൽ ഹേനയ്ക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.
സ്വന്തമായി ഭൂമിയോ വീടോ ചികിത്സ സഹായമോ അനുവദിച്ചു കിട്ടണമെന്ന ആവശ്യവുമായാണ് കൊച്ചി താലൂക്ക് തല അദാലത്ത് വേദിയിൽ ഹേന നെൽസൺ എത്തിയത്. ലൈഫ് മിഷനുമായി ചേർന്ന് ചിറ്റിലപിള്ളി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങാനും ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് പ്രത്യേക പരിഗണന നൽകി ലൈഫിൽ വീട് അനുവദിക്കാനും മന്ത്രി പി. പ്രസാദ് നിർദ്ദേശിച്ചു. ലൈഫിൽ നിന്നും അനുവദിക്കുന്നതിനു പുറമെ ഭവന നിർമ്മാണത്തിനു ആവശ്യമായി വരുന്ന തുക തന്റെ നേതൃത്വത്തിൽ സ്വരൂപിച്ച് നൽകുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉറപ്പുനൽകി.