പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നയനി ബീച്ച് പതിനെട്ടാം വാർഡിൽ നിരവധി കുടുംബങ്ങളുടെ ജീവിതാഭിലാഷത്തിനാണ് കരുതലും കൈത്താങ്ങും അദാലത്ത് സാക്ഷ്യം വഹിച്ചത്. ദീർഘനാളായി പട്ടയത്തിനായി കാത്തിരുന്ന 30 കുടുംബങ്ങൾക്ക് മൂന്നുമാസത്തിനുള്ളിൽ പട്ടയം അനുവദിക്കാൻ റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശിച്ചു.
50 വർഷങ്ങൾക്ക് മുൻപ് 7 ഏക്കർ ഭൂവുടമയായിരുന്ന വേലായുധൻ പട്ടയം ലഭിക്കാനായി നടന്നു തുടങ്ങിയതാണ്. നിർദിഷ്ട സ്ഥലം ഇന്ന് 30 കുടുംബങ്ങളുടെ ഇടമാണ്. വേലായുധന്റെ മകനായ സുഗതനടക്കം 30 കുടുംബങ്ങളുടെയും ആവശ്യമായ പട്ടയം നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു.
ഭൂമിയുടെ യഥാർത്ഥ അവകാശിയായി ഈ മണ്ണിൽ മരിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് മറ്റൊരു ഭൂവുടമയായ മുഹമ്മദ് പങ്കു വച്ചു. സത്യൻ, സുഗതൻ, മുഹമ്മദ്, ശ്രീനിവാസൻ എന്നിവരാണ് 30 കുടുംബങ്ങളെ പ്രതിനിധീകരിച്ച് അദാലത്തിന് എത്തിയത്.