സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പട്ടയം ലഭിക്കാനുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അത് വിതരണം ചെയ്യും. പട്ടയം, ചികിത്സാ സഹായങ്ങള്‍ ആവശ്യങ്ങള്‍ക്കായി കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്നവരുടെ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. അത്തരം കാര്യങ്ങളില്‍ യാതൊരു ആശങ്കയുടേയും ആവശ്യമില്ല.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹാരം കാണാന്‍ സാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നടന്ന അഞ്ച് താലൂക്ക് തല അദാലത്തിലൂടെ 1271 പരാതികള്‍ക്കാണ് ഉടനടി പരിഹാരം കണ്ടെത്താനായത്. അദാലത്തില്‍ പുതുതായി 827 പരാതികള്‍ ലഭിച്ചു. ലഭിക്കുന്ന പുതിയ പരാതികളുടെ കാര്യത്തിലും പൊതുജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദാലത്തില്‍ പരിഗണിക്കുന്ന അതേ ഗൗരവത്തോടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പൂര്‍ണതയിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തുകള്‍ കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ അവസാനിക്കുന്നില്ലെന്നും തുടര്‍വിലയിരുത്തലുകളും നടപടികളും കൃത്യമായി  ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന തരത്തിലാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പൊതുജനങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മലയോരമേഖലകളില്‍ വനസൗഹൃദസദസും, തീരമേഖലകളില്‍ തീരസദസും സംഘടിപ്പിച്ചു. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സര്‍വേ നടത്തി ദരിദ്രരെ ദത്തെടുത്ത സര്‍ക്കാരാണ്. ജനങ്ങളുടെ കാവല്‍ക്കാരാകുകയാണ് ഭരണകൂടത്തിന്റെ ചുമതലയെന്ന് അടിവരയിട്ട് ഉറപ്പിച്ച സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സങ്കടത്തോടെ പരാതി പറയാന്‍ അദാലത്തിലേക്ക് എത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ച് പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മല്ലപ്പള്ളിയില്‍ നടന്ന അദാലത്തില്‍ ഭൂരിപക്ഷം പരാതികളും പരിഹരിച്ചിരുന്നു. 11 ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ മല്ലപ്പള്ളിയില്‍ വിതരണം ചെയ്തു.

അദാലത്ത് സംഘടിപ്പിക്കുന്നതിനായി റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഏകോപനമാണ് നടത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. കെ-സ്റ്റോറും, വാതില്‍പ്പടി സേവനവുമൊക്കെ റാന്നി മണ്ഡലത്തിലേക്കും എത്തിക്കാന്‍ മന്ത്രി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം ബി.രാധാകൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രകാശ്, അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിന്ദു റെജി,  പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാമോഹന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, സിവില്‍ സപ്ലൈസ് ജില്ലാ ഓഫീസര്‍ എം.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.