ചേർത്തല: ആളുകൾ നിരയിൽ ശാന്തരായി നിന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റിലല്ല..ചേർത്തല മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണ വേദിയായ ടൗൺ ഹാളിൽ. മന്ത്രിയെ തങ്ങളാൽ കഴിയുന്ന വിഹിതം ഏൽപ്പിക്കാൻ. സ്വർണ്ണവും, ഭൂമിയും,ശമ്പളവും ,പെൻഷനും,കുടുക്കയിലെ പണവും ഒക്കെയായി. ധനസമാഹാരണത്തിന് തുടക്കം കുറിച്ചത് തന്നെ ചേർത്തല സർവ്വീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിൽ 18 വർഷമായി താൽക്കാലികമായി തൂപ്പ് ജോലി ചെയ്യുന്ന രമണി തന്റെ ശമ്പളം മന്ത്രി ജി. സുധാകരനെ ഏല്പിച്ചാണ്. ജോലിക്കിടയിലെ അപകടത്തിൽ ഇടതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട തന്റെ പരാധീനത പ്രളയം അനുഭവിച്ചവരുടെ മുന്നിൽ ഒന്നുമല്ലെന്ന് കഞ്ഞിക്കുഴി 10-ാം വാർഡ് ചെങ്ങളത്ത് വെളിയിൽ രമണി പറയുന്നു.
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ബേബി നൽകിയത് ഒന്നര പവന്റെ വളയാണ്. 15 വർഷമായി പൊതുരംഗത്തുള്ള മഞ്ജു 15 വർഷം വെട്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ബോർഡംഗമായും മഹിള അസോസിയേഷനിലും പ്രവർത്തിക്കുന്നു. പട്ടണക്കാട് മേനാശ്ശേരിൽ ഇലഞ്ഞിത്തറ ഉണ്ണിക്കൃഷ്ണൻ-സുമിത്ര ദമ്പതികളുടെ രണ്ടര വയസ്സുകാരൻ മകൻ ആരവ് കൃഷ്ണ നൽകിയത് തനിക്ക് സമ്മാനമായി കിട്ടിയ രണ്ടു കുട്ടിമോതിരവും ഒരു കുട്ടിവളയുമാണ്. പണിക്കവീട്ടിൽ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക്
സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഷാജ-സുമയ്യ ദമ്പതികളുടെ മകൾ ഫാത്തിമ രണ്ടു വർഷമായി സമാഹരിച്ച ചില്ലറ പൈസ നിറഞ്ഞ കുടുക്ക മന്ത്രിക്ക് കൈമാറി.
കൊച്ചിതാലൂക്ക് രാമേശ്വരം വില്ലേജ് പള്ളുരുത്തി വടക്കുംമുറിയിൽ ഇല്ലിക്കൽ ഉണ്ണികൃഷ്ണൻ കടക്കരപള്ളി വില്ലേജിലെ തന്റെ 10 സെന്റ് സ്ഥലത്തിന്റെ ആധാരമാണ് മന്ത്രിക്ക് കൈമാറിയത്. കയർത്തൊഴിലാളിയായ കളവംകോടം 10-ാം വാർഡ് പുത്തൻതറ വീട്ടിൽ പ്രകാശൻ തനിക്ക് മാസം ലഭിക്കുന്ന പി.എഫ്. തുകയായ 520 രൂപയും 480 രൂപയും ചേർത്ത് 1000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഗവ. ഗേൾസ് സ്‌കൂളിലെ 100 എൻ.സി.സി.കുട്ടികളും അവരുടെ ടീച്ചറായ ഷോലയും ചേർന്ന് സമാഹരിച്ച 10,000 രൂപയാണ് മന്ത്രിക്ക് കൈമാറിയത്.
