കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം നാടിന്‌ സമർപ്പിച്ചു

നാടിന്റെ ചരിത്രമറിയാവുന്നവർക്ക് പി കൃഷ്ണപിള്ളയെ വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവൂരിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള  പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ മറക്കാനാവാത്ത പേരാണ് കൃഷ്ണപിള്ളയുടേത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കൃഷ്ണപിള്ളയും സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടാനാവാത്ത വ്യക്തിത്വങ്ങളാണ്. പാഠപുസ്തകങ്ങളിലൂടെ യഥാർത്ഥ ചരിത്രം നാടിന്റെ മുന്നിൽ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്തമായ നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്ന നഗരമാണ് കോഴിക്കോട്. വർത്തമാനകാലത്ത് മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനുള്ള ശ്രമങ്ങളെ തുറന്നു കാണിക്കേണ്ടതുണ്ട്. അതിനെല്ലാമുള്ള വേദികളാണ് ഇത്തരത്തിലുള്ള സാംസ്കാരിക സംഗമങ്ങളും പരിപാടികളുമെന്ന് അദ്ദേഹം പറഞ്ഞു. പി കൃഷ്ണപിള്ളയുടെ പേരിൽ ഓഡിറ്റോറിയം നിർമ്മിച്ചത് പ്രശംസനീയമാണെന്നും ഇത്തരത്തിലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. വളർന്നുവരുന്ന തലമുറയ്ക്കും ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്രമറിയാനുള്ള ഏറ്റവും  വലിയ  മാധ്യമങ്ങളായി  ഇത്തരത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ മാറ്റണം. ചരിത്രശേഷിപ്പുകളെ സംരക്ഷിക്കാൻ  ഒന്നിച്ചുള്ള ശ്രമം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

കോർപറേഷൻ 1.43 ഏക്കറിൽ 15 കോടി രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമിച്ചത്‌. ഇരുനിലകളിലായി 27000 ചതുരശ്രഅടിയാണ്  കെട്ടിടം. താഴത്തെ നിലയിൽ ഡൈനിങ് ഹാൾ, ഓഫീസ്, ഗ്രീൻ റൂം, അടുക്കള, ശുചിമുറി എന്നിവയാണ്. 300 പേർക്ക്  ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇവിടെ ചെറിയൊരു സ്റ്റേജുമുണ്ട്.  ഒന്നാം നിലയിലെ എയർ കണ്ടീഷൻ ഓഡിറ്റോറിയത്തിൽ 420 പേർക്ക് ഇരിക്കാം. സ്റ്റേജ്, ഗ്രീൻ റൂമുകൾ (ആൺ/ പെൺ പ്രത്യേകം), ശുചിമുറികൾ, പ്രധാന ലോബി എന്നിവയാണിവിടെ.  70 കാറുകൾക്കും അഞ്ച്‌ ബസ്സിനും 200  ബൈക്കുകൾക്കും ഒരേസമയം പാർക്കിങ് സൗകര്യമുണ്ട്. പൊതുജനങ്ങളുടെ സൗകര്യാർഥം രണ്ടു നിലകൾ ഒരുമിച്ചും ഒരു നില മാത്രമായും നൽകും.

ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം പിമാരായ എം.കെ രാഘവൻ, എളമരം കരീം, ബിനോയ്‌ വിശ്വം, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ വിശിഷ്ടാതിഥികളായി.

എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്‌ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, ഒ.പി ഷിജിന, എസ് ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി നന്ദിയും പറഞ്ഞു