കുടുംബശ്രീ രജത ജൂബിലിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന അരങ്ങ് 2023 ‘ഒരുമയുടെ പലമ, കുടുംബശ്രീ ജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കലോത്സവത്തിൽ ജില്ലയിലെ നാല് താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നായി 600 ഓളം കലാകാരികളാണ് വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചത്.
ജില്ലാതല കലോത്സവത്തിൽ കാക്കൂർ സി ഡി എസ് ഓവറോൾ ചാമ്പ്യന്മാരായി. അമ്പതോളം മത്സര ഇനങ്ങളിൽ നിന്നും 37 പോയിന്റ് നേടിയാണ് കാക്കൂർ സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 32 പോയിന്റ് നേടി പയ്യോളി സിഡിഎസ് രണ്ടാം സ്ഥാനം നേടിയപ്പോൾ 28 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് മൂന്നാം സ്ഥാനം നേടി.
ഇസൈ എന്ന നാടകത്തിൽ പോലിസ് വേഷം അഭിനയിച്ച നരിപ്പറ്റ സി.ഡി എസ് അംഗം എൽ സി ജോസഫ് മികച്ച നടിയായ് തിരഞ്ഞെടുത്തു. ജില്ലാ കലോത്സവ വിജയികൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജൂൺ 2,3,4 തീയതികളിൽ തൃശൂർ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. വിജയികൾക്കുള്ള ട്രോഫി വിതരണവും ചടങ്ങിൽ നടന്നു.
കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടായി, കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, നഗരസഭ കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, വത്സരാജ് കേളോത്ത്, കൊയിലാണ്ടി നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ വിപിന, ഇന്ദുലേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ അംഗം കെ വിജു നന്ദിയും പറഞ്ഞു.