ആലപ്പുഴ:പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷനായി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും പങ്കെടുത്തു. യോഗ നിർദ്ദേശങ്ങൾ ചുവടെ:
സെപ്റ്റംബർ 22ന് അയൽക്കൂട്ട യോഗങ്ങളിൽ തരംതിരിച്ച് സംസ്‌കരണം എന്ന ആശയം ചർച്ച ചെയ്യണം. 24ന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ മിഷൻ യോഗങ്ങൾ ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ, തീവ്ര ശുചീകരണം എന്നിവ ചർച്ച ചെയ്തു തീരുമാനിക്കണം.
25ന് വാർഡ് ശുചിത്വ ആരോഗ്യ സമിതികളുടെ യോഗം ചേർന്ന് ശുചീകരണത്തിനുളള പരിപാടി തയ്യാറാക്കണം. 26ന് ജലാശയങ്ങളിലെ മാലിന്യം ശേഖരിച്ച് തരം തിരിച്ച് കൈമാറണം. 27ന് സ്‌കൂളുകളിൽ അസംബ്ലികൾ ചേരണം.ജൈവ മാലിന്യം തരം തിരിച്ച് കംപോസ്റ്റ് തയ്യാറാക്കണം.
28,29 തീയതികളിൽ പൊതുയിടങ്ങൾ വൃത്തിയാക്കണം.നീർച്ചാലുകൾ,മാർക്കറ്റുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. 30ന് ഡ്രൈഡേ ആചരിക്കണം.ഒന്നിന് അങ്കണ വാടികൾ, സ്ഥാപനങ്ങൾ,ആശുപത്രികൾ എന്നിവ വൃത്തിയാക്കണം. രണ്ടിന് ഹരിത ചട്ട പാലനം,വ്യാപാര സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജനസംഘടനകൾ തുടങ്ങിയവയുടെ പങ്കാളിത്തം ഉറപ്പാക്കണം.
യോഗത്തിൽ ജില്ലാ കളക്ടറുടെ അധിക ചുമതലയുള്ള ഗ്രാമവികസന സെക്രട്ടറി എൻ.പദ്മകുമാർ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ് രാജേഷ്, സുജ ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.