കൊരട്ടി പഞ്ചായത്തിലെ 121 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി യോഗം ചേരും. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് ദേശത്ത് 6, 7 വാർഡുകളിലായി കന്നുകാലിമേച്ചിൽപുറമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യു വകുപ്പിന് വിട്ടുകൊടുക്കാൻ (ഡിവെസ്റ്റ്) വേണ്ട നടപടികൾ ദ്രുതഗതിയിലാക്കാൻ യോഗം ജൂൺ 2 ന് രാവിലെ കളക്ടറിന്റെ ചേംബറിൽ ചേരും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അദാലത്തിൽ നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ ഭൂമി വിട്ടുകൊടുക്കൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയെ ചുമതലപ്പെടുത്തുകയും ചെയ്തു.
60 വർഷത്തിലേറെ ആയി 121 കുടുംബങ്ങൾ കഴിയുന്ന ഇടം രേഖകളിൽ കന്നുകാലി മേച്ചിൽപ്പുറമാണ്. പൂർവികസ്വത്തായി കൈമാറി വരുന്ന ഭൂമിയാണ്. ഇതിൽ 13 കുടുംബങ്ങളുടെ ഭൂമി വിട്ടുകൊടുക്കൽ നടപടികൾ പൂർത്തീകരിച്ചതാണ്. ബാക്കി വരുന്ന 108 കുടുംബങ്ങളുടെ ഭൂമി സർക്കാരിലേക്ക് വിട്ടുകൊടുക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് 121 കുടുംബങ്ങൾക്കും പട്ടയം ലഭിക്കും. നൂറുകണക്കിന് വരുന്ന കുടുംബങ്ങൾക്ക് വേണ്ടി ടി വി രാമകൃഷ്ണൻ, ടി ടി ദേവസി എന്നിവരാണ് ചാലക്കുടിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പരാതികളുമായി എത്തിയത്.