ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കായി നടത്തുന്ന ‘പ്രതീക്ഷ’ ഗര്‍ഭകാല പരിചരണ പാക്കേജ് പദ്ധതിക്ക് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ചുണ്ടേല്‍ പകല്‍വീട്ടില്‍ നടന്ന പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അധ്യക്ഷത വഹിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി. പ്രസവാനന്തര കാലയളവിനുള്ള തയ്യാറെടുപ്പ്, മുലയൂട്ടലിനുള്ള തയ്യാറാകല്‍, മാതൃത്വത്തിനുള്ള തയ്യാറെടുപ്പ്, രക്ഷാകര്‍ത്തൃ കഴിവുകളെക്കുറിച്ചുള്ള കൗണ്‍സലിംഗ്, പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം, യോഗ, കൗണ്‍സലിംഗ് തുടങ്ങിയ ഗര്‍ഭകാലത്തും പ്രസവാനന്തരവും ആവശ്യമായ പരിചരണം ലഭ്യമാക്കുന്ന മാതൃകാപരമായ പദ്ധതിയാണ് ഗര്‍ഭകാല പരിചരണ പാക്കേജ്.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, വാര്‍ഡ് മെമ്പര്‍ വി.എസ്. സുജിന, പ്രണവം യോഗ വിദ്യാപീഠം യോഗാചാര്യന്‍ പ്രഭാകരന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം.വി. ഷിംനാമോന്‍, ഡോ. അനു ജോസ്, ഡോ.ബിജുല, ഡോ. ജോയ് അലക്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. പങ്കജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.