സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’  പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ കാരണങ്ങളാല്‍ സയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാത്ത  പരാതികളില്‍ നടപടി സ്വീകരിക്കുകയാണ് അദാലത്തിന്റെ  പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ നടത്തുന്ന ജനകീയ പരാതി പരിഹാര അദാലത്തിലൂടെ പൊതുജനങ്ങളുടെ  പരാതികള്‍ നേരിട്ട് കേള്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍  മനസ്സിലാക്കി ഉദ്യോഗസ്ഥ തലത്തില്‍  പരിഹാരം സാധ്യമാക്കും.

അദാലത്തില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച കോട്ടനാട് – പിണങ്ങോട് – മാങ്കുന്ന് – പൊഴുതന സ്വദേശിനികളായ സരോജിനി, ഉഷാദേവി,  പി. ജസ്ല,  ഗീത എന്നിവര്‍ക്കുള്ള റേഷന്‍ കാര്‍ഡ്  മന്ത്രി വിതരണം ചെയ്തു. 561 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. കാര്‍ഷിക വികസന- കര്‍ഷകക്ഷേമം -തദ്ദേശ സ്വയംഭരണ വകുപ്പ് – താലൂക്ക് സംബന്ധമായ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

ചുണ്ടേല്‍ പാരിഷ് ഹാളില്‍  നടന്ന വൈത്തിരി താലൂക്ക്തല അദാലത്തില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, വി അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, എ.എസ്.പി തപോഷ് ബസ്മതാരി, വൈത്തിരി തഹസില്‍ദാര്‍ എം.കെ ശിവദാസന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.