ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പണിപൂര്‍ത്തിയാക്കിയ കുന്നംകുളം നഗരസഭയിലെ 24-ാം വാര്‍ഡ് ചീരംകളം 96-ാം നമ്പര്‍ അങ്കണവാടി നാടിനു സമര്‍പ്പിച്ചു. ഇതോടൊപ്പം ആഘോഷമായ പ്രവേശനോത്സവവും നടന്നു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കസേര എന്നിവ വിതരണം ചെയ്തു.
ചീരംകുളം ലക്ഷം വീട് പരിസരത്ത് എ.സി മൊയ്തീന് എം.എല്‍.എ അങ്കണവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുതലുള്ള വികസന ജനപങ്കാളിത്തത്തോടെ ഉള്ളതാണെന്ന് എ സി മൊയ്തീന് എം എല്‍ എ പറഞ്ഞു. കുട്ടികളുടെ പഠനത്തേക്കാള്‍ അവര്‍ക്ക് ക്ഷേമവും സംരക്ഷണവും നല്‍കുന്ന തരത്തിലേക്ക് അങ്കണവാടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, റ്റി സോമശേഖരന്‍, പി കെ ഷെബീര്‍, എ എസ് സുജീഷ്, നഗരസഭ ഓവര്‍സീയര്‍ മനോജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി സി സിനു, അങ്കണവാടി അധ്യാപിക പി എ ഷീജ കുമാരി, അങ്കണവാടി വെല്‍ഫെയര്‍ കമ്മറ്റി പ്രതിനിധി അജിതന്‍ , ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.
എ സി മൊയ്തീന് എം എല്‍ എ യുടെ 2021-22 ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. ഒറ്റനിലയിലായി രണ്ടു ക്ലാസ്സുമുറികള്‍, അടുക്കള, വര്‍ക്ക് ഏരിയ, രണ്ട് ടോയ് ലറ്റ്, സ്റ്റോര്‍ റൂം, വരാന്ത എന്നിവ ഉള്‍പ്പെടുത്തി 675 സ്‌ക്വയര്‍ ഫീറ്റിലാണ് അങ്കണവാടി കെട്ടിടം. ആനായ്ക്കല്‍ റെഡ് ആന്റ് റെഡ്‌സ് ക്ലബും സനല്‍ ചൂണ്ടപുരയ്ക്കലുമാണ് അങ്കണവാടിയിലേക്ക് പഠനോപകരണ, അനുബന്ധ സാമഗ്രികള്‍ സംഭാവന നല്‍കിയത്.