പഴയന്നൂർ ബ്ലോക്ക് വികസനോത്സവം ഉദ്യമം 2023 ന് തുടക്കമായി

പാവപ്പെട്ടവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സർക്കാർ വികസനോത്സവങ്ങൾ നടത്തുന്നതെന്നും പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനോത്സവം ഉദ്യമം 2023 പഴയന്നൂർ കുന്നമ്പുള്ളി സങ്കേതത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആഘോഷങ്ങൾക്ക് അപ്പുറം പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. പട്ടിക വർഗ്ഗ മേഖലയിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാർ എന്നും ജാഗ്രത പുലർത്തുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ നൂറു ശതമാനം മികച്ച നേട്ടം കൈവരിച്ചത് അഭിമാനകരമാണ്. ഓരോ നേട്ടത്തിലൂടെയും പഠിച്ചു മിടുക്കരാകാം എന്നവർ തെളിയിക്കുകയാണ്.

പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ ഭൗതിക നിലവാരം ഉയർത്താൻ സർക്കാരിന് കഴിഞ്ഞുവെന്നതും നിർണായകമാണ്. പരീക്ഷ വിജയം അതിന്റെ സൂചനയാണ്. പാവപ്പെട്ടവരുടെ പരാതികൾ പരിഹരിക്കാൻ ഏഴ് താലൂക്കുകളിലും പരാതി പരിഹാര അദാലത്ത് നടത്തി. കയറി കിടക്കാൻ ഇടമില്ലാത്തവർക്ക്‌ അടിസ്ഥാന സൗകര്യം നൽകുന്നതിനും, പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തി മുന്നോട്ട് പോകുവാനുമാണ് വികസനോത്സവങ്ങൾ സംഘടിപ്പിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. വികസനത്തിന്റെ ഗുണം സമൂഹത്തിൻറെ എല്ലാ കോണുകളിലും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

വികസനോത്സവത്തിന്റെ ഭാഗമായി പഴയന്നൂർ കുന്നമ്പുള്ളി മണ്ണ് സംരക്ഷണ ഭിത്തി പൂർത്തീകരണം, കരിയർ ഗൈഡൻസ് ക്ലാസ്, പ്രതിഭകളെ ആദരിക്കൽ, പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പ്രശാന്തി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുചിത്ര എം.വി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ഇ.ഗോവിന്ദൻ,സിന്ധു എസ്., ഗീത രാധാകൃഷ്ണൻ,
ലത സാനു,ആശാദേവി, ജില്ലാ പട്ടികജാതി വികസന ഓഫിസർ ലിസ ജെ മങ്ങാട്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉമാ ടി.എൻ.,പട്ടിക ജാതി വികസന ഓഫിസർ എ രജനി തുടങ്ങിയവർ പങ്കെടുത്തു.