ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് ശുചിത്വ നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ മന്ത്രി സമയം കണ്ടെത്തിയത്. ബത്തേരി സാതന്ത്ര്യ മൈതാനിയിൽ നിന്നും മന്ത്രി പൂച്ചെടികൾ സാന്നിധ്യമറിയിക്കുന്ന ബത്തേരിയുടെ ഹൃദയഭാഗത്തിൻ്റെ തെരുവീഥികളിലൂടെ സഞ്ചരിച്ചു. വ്യാപാരികളോടും കാൽനടയാത്രികരോടും സുഖാന്വേഷണം നടത്തി. ടൗൺ സന്ദർശിച്ചതിനു ശേഷം ബത്തേരി നഗരസഭയിലും മന്ത്രി സന്ദർശനം നടത്തി.
നഗരസഭയിലെ ജീവനക്കാരെയും ഹരിതകർമ്മസേന പ്രവർത്തകരെയും നേരിൽ കണ്ട് മന്ത്രി അഭിനന്ദിച്ചു. വിദേശ രാഷ്ട്രങ്ങളിൽ പോയത്‌പോലെയുള്ള അനുഭവമാണ് തനിക്ക് ബത്തേരി ടൗണിലൂടെ നടന്നപ്പോൾ ഉണ്ടായതെന്നും കേരളത്തിലെ മറ്റ് നഗരസഭകൾ ബത്തേരി നഗരസഭയിലേക്ക് വൃത്തിയുടെ തീർത്ഥയാത്ര നടത്തണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായാൽ കേരളത്തിൽ ഇനിയും ബത്തേരി നഗരസഭകൾ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭയിൽ ചേർന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു.
നഗരസഭ ചെയർമാൻ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, ലിഷ ടീച്ചർ, ടോം ജോസ്, കൗൺസിലർമാരായ ജംഷീർ അലി, ഷീബ ചാക്കോ, പി.കെ സുമതി, കെ.സി യോഹന്നാൻ, പി. സംഷാദ്, നഗരസഭ സെക്രട്ടറി സൈനുദീൻ തുടങ്ങിയവർ സംസാരിച്ചു.