കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. സിനിമ എന്ന കലാരൂപത്തെ ആഴത്തിലറിയാനും ആസ്വദിക്കാനുമുതകുന്ന ചലച്ചിത്രപ്രദര്‍ശനങ്ങളും സജീവമായ സംവാദങ്ങളുമായി കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു ക്യാമ്പ്.
മേയര്‍ ഡോ.ബീന ഫിലിപ്പ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുതിയ രസങ്ങളെയും അഭിരുചികളെയും വികസിപ്പിക്കാനുള്ള ശേഷി നല്‍കുകയാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുണ്‍ ഗോപി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നടനും നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സംവിധായകരുമായ പ്രദീപ് ചൊക്‌ളി, മനോജ് കാന, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍, ക്യാമ്പ് ഡയറക്ടറും നടിയുമായ ഗായത്രി വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
മികച്ച ആസ്വാദനക്കുറിപ്പിനുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡ് എസ്. നിവേദിതയ്ക്ക് ജയപ്രകാശ് കുളൂര്‍ സമ്മാനിച്ചു. മികച്ച ക്യാമ്പ് അംഗത്തിനുള്ള കാഷ് അവാര്‍ഡ് മഹീന്ദ്ര എസ് നായര്‍, ധിഷന്‍ചന്ദ് എന്‍.സി എന്നിവര്‍ പങ്കിട്ടു. ക്യാമ്പില്‍ വടക്കന്‍ ജില്ലകളിലെ എട്ട്, ഒമ്പത്, 10 ക്ലാസ്സുകളിലുള്ള 63 കുട്ടികള്‍ പങ്കെടുത്തു.
നടി അനുമോള്‍, സംവിധായകന്‍ അഷ്‌റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, പിന്നണി ഗായികയും നടിയും ശബ്ദലേഖികയുമായ രശ്മി സതീഷ്, സംവിധായകന്‍ മനോജ് കാന, നടന്‍ മനോജ് കെ.യു, നടനും നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍, നിരൂപകന്‍ പി. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത സൗദി അറേബ്യന്‍ സിനിമയായ ‘വാജ്ദ’, നാഗരാജ് മഞ്ജുളെയുടെ പാവ് സാച്ച നിബദ്ധ്, സത്യജിത് റായിയുടെ ‘റ്റു’, ആല്‍ബര്‍ട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘ദി റെഡ് ബലൂണ്‍ ‘തുടങ്ങിയ സിനിമകള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.