കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാര്‍ട്ട് കുറ്റ്യാടി’യുടെ ഭാഗമായി രൂപീകരിച്ച ഇന്‍ട്രോ 2 ആസ്‌ട്രോ കോഴ്‌സ് അംഗങ്ങളുടെ കൂട്ടായ്മ പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചു.

വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും സൗരയൂഥ കാഴ്ചകള്‍, ഭൂമിയുടെ ഭ്രമണം, പരിക്രമണം എന്നിവ ഉള്‍പ്പെടെ കണ്ട് മനസ്സിലാക്കി. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.ബാലചന്ദ്ര മേനോന്‍, ഡോ. മുരളി, നക്ഷത്ര കെ.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്മാര്‍ട്ട് കുറ്റ്യാടി കണ്‍വീനര്‍ പി കെ അശോകന്‍ മാസ്റ്റര്‍, ഇന്‍ട്രോ ടു ആസ്‌ട്രോ കോഴ്‌സ് കോഡിനേറ്റര്‍ കെ വിജയന്‍ മാസ്റ്റര്‍, രാജീവന്‍ കണ്ണമ്പത്ത്, രാമചന്ദ്രന്‍ മാസ്റ്റര്‍, ഒ പി ബാലകൃഷ്ണന്‍, ടി മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്മാര്‍ട്ട് കുറ്റ്യാടിയുടെ നേതൃത്വത്തില്‍ ബഹിരാകാശ വിസ്മയങ്ങള്‍ സംബന്ധിച്ച അറിവുകള്‍ പകരുവാനായാണ് ഇന്‍ട്രോ 2 ആസ്‌ട്രോ കോഴ്‌സ് നടത്തിവരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച പഠന കോഴ്‌സ് എസ്ഇആര്‍ടി, ആസ്‌ട്രോ കേരള എന്നീ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് നടന്നു വരുന്നത്.

മേമുണ്ട ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഇന്‍ട്രോ 2 ആസ്‌ട്രോ കോഴ്‌സില്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുത്ത 40 അംഗങ്ങളാണുള്ളത്. പ്രൊ.കെ പാപ്പൂട്ടി, ഡോ. സാബു ജോസഫ് വി.പി.സി. നമ്പ്യാര്‍ എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ നയവുമായി കൈകോര്‍ത്തുകൊണ്ട് കുറ്റ്യാടി നിയോജക മണ്ഡലത്തിലും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ഉന്നമനമാണ് സ്മാര്‍ട്ട് കുറ്റ്യാടി വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നത്.