ചിത്രശലഭങ്ങളും ഇല നിറഞ്ഞ ശിഖരങ്ങളും നിറഞ്ഞ മരക്കവാടം, വഴിയിൽ കളിയിടങ്ങളും ഭംഗിയുള്ള നടവഴികളും. ഇരിപ്പിടങ്ങളും സ്റ്റിയറിംഗുമുള്ള കെ എസ് ആർ ടി ബസ് മാതൃക, മനോഹരമായ വെള്ളച്ചാട്ടം പതിക്കുന്ന താമരക്കുളം. കുളത്തിൽ കൊക്കുകളും മറ്റും. വർണ്ണാഭമായ ചുമർ ചിത്രങ്ങളാൽ നിറഞ്ഞ ക്ലാസ് മുറി, പാവകളും വണ്ടികളും നിറഞ്ഞ ക്ലാസ്മുറിയിലെ കളിപ്പാട്ട കട തുടങ്ങി നിരവധി കാഴ്ചകളും സൗകര്യങ്ങളുമായി കുരുന്നുകൾക്ക് അറിഞ്ഞും രസിച്ചും പഠിക്കാൻ കയ്പമംഗലം കൂരിക്കുഴി ജി എൽ പി സ്കൂളിൽ കളിമുറ്റം ഒരുങ്ങി.
കയ്പമംഗലം കൂരിക്കുഴി ജി എൽ പി സ്കൂളിൽ എസ് എസ് കെ സ്റ്റാർസ് ഫണ്ട് വിനിയോഗിച്ച് മതിലകം ബി ആർ സി യുടെ നേതൃത്വത്തിൽ കുരുന്നുകൾക്കായി ഒരുക്കിയ നവീകരിച്ച പ്രീ പ്രൈമറി കളിമുറ്റത്തിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
വിദ്യാലയത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കളിമുറ്റം തയ്യാറാക്കിയിരിക്കുന്നത്. ഭാഷ വികസനയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്ര അനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കരകൗശലയിടം, നൂതന സാങ്കേതികവിദ്യയിടം,കളിയിടം അകംപുറം, ശിശു സൗഹാർദ്ര ഇരിപ്പിടങ്ങൾ തുടങ്ങിയ13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ, മാതൃക, കളിവീട്, കളിയരങ്ങ്, കെ എസ് ആർടിസി ബസ് മാതൃക, അബാക്കസ്, വരച്ചു കളിച്ചു പഠിക്കാൻ വലിയ ക്യാൻവാസ്, അഭിനയിച്ചു രസിക്കാൻ ചെറിയ വേദിയും, സൗണ്ട്, മൈക്ക് എന്നിവക്കായുള്ള സംവിധാനങ്ങൾ, അറിവ് നിർമ്മിക്കാൻ അറിവ് നിറഞ്ഞ ചിത്ര ചുമരുകൾ, ഡിജിറ്റൽ ക്ലാസ്സ്, തുടങ്ങി കുട്ടിയുടെ വിവിധ ശേഷികൾ വികസിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വർണ്ണകൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും, ചിന്തയും ഉണർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്.
ചടങ്ങിൽ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷയായി.ഡി പി ഒ, എസ് എസ് കെ തൃശൂർ ബ്രിജി കെ ബി പദ്ധതി വിശദീകരണം നടത്തി. കളിമുറ്റം നിർമിച്ച ശില്പി ഷനിൽ മാധവനെ ടൈസൺ മാസ്റ്റർ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി എന്നിവർ ചേർന്ന് ആദരിച്ചു. ചടങ്ങിൽ ബി ആർ സി മതിലകം വീഡിയോ പ്രസന്റേഷൻ നടത്തി.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ദേവിക ദാസൻ, സുകന്യ ടീച്ചർ, വാർഡ് മെമ്പർ പി എം സൈനുൽ ആബ്ദീൻ, ഹെഡ്‌മിസ്ട്രെസ് ഇൻ ചാർജ് ശ്രീജ, ബിപിസി മതിലകം ബി ആർ സി എ പി സിജി മോൾ, സ്റ്റാഫ് സെക്രട്ടറി പുഷ്കല ,മുൻ പ്രധാനധ്യാപിക ജാൻസി ടീച്ചർ, പി ടി എ പ്രസിഡന്റ് പി എം അക്ബറലി, ഒ എസ് എ പ്രസിഡന്റ് എൻ കെ സുരേഷ്, സെക്രട്ടറി കെ കെ അഫ്സൽ, പി ടി എ വൈസ് പ്രസിഡന്റ് കെ കെ സക്കരിയ, എം പി ടി എ പ്രസിഡന്റ് ജോളി ബൈജു, സ്കൂൾ ലീഡർ മുഹമ്മദ് ഹംദാൻ തുടങ്ങിയവർ പങ്കെടുത്തു.