തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ലോഗോ പ്രകാശനം ചെയ്തു.

ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി. തിരുവനന്തപുരത്തിനായി പുതിയ ബ്രാൻഡിംഗ് തന്ത്രങ്ങൾ രൂപീകരിക്കുന്നതും, സ്റ്റാർട്ടപ് കേരളയുമായി സഹകരിച്ച് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പുറത്തിറക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

സഞ്ചാരികൾക്ക് ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, പ്രത്യേക ഓഫറുകൾ എന്നിവ വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പദ്ധതിയിലൂടെ സാധ്യമാകും. വേളി ടൂറിസ്റ്റ് വില്ലേജിൽ പി.പി.പി മോഡൽ നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിനായി സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കൽ, ശാസ്താംപാറ ടൂറിസം വികസനം, നെയ്യാർ ഡാമിൽ ജലസേചന വകുപ്പിന്റെ അനുമതിയോടെ അഡ്വഞ്ചർ സോൺ, സ്മാർട്‌സിറ്റിയുമായി ചേർന്ന് ശംഖുംമുഖത്തെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയും യോഗത്തിൽ ചർച്ചയായി.

മഴക്കാലത്തിന് മുന്നോടിയായി കല്ലാർ ഉൾപ്പെടെയുള്ള വിനോസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും കാപ്പിൽ ബീച്ചിൽ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ചും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ അശ്വതി ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിടിപിസി സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.