കൂളിമാട് പാലം നാടിന് സമർപ്പിച്ചു

കൂളിമാട് പാലം വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കൂളിമാട് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ജില്ലകൾ തമ്മിലും രണ്ടു നിയോജക മണ്ഡലങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്ന
ഈ പാലം പുതിയ ടൂറിസം സാധ്യതകൾ തുറന്നിടുകയാണ്. ഇത് വികസന കുതിപ്പിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ 50ലധികം പാലങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. കൂളിമാട് പാലം അൻപത്തിയേഴാമത്തെ പാലമാണെന്നും അഞ്ചുവർഷത്തിനകം നൂറു പാലങ്ങളുടെയും പ്രവൃത്തി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റിയുമായി ചേർന്ന് മുഖ്യമന്ത്രി മുൻകൈ എടുത്തുകൊണ്ടാണ് ആറുവരി ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചത്. 2025 ഓടെ ദേശീയപാത പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ 1200 കിലോമീറ്റർ സമയബന്ധിതമായി പൂർത്തീകരിച്ചു വരികയാണ്. 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി വന്നത് മുതൽ 1057 പദ്ധതികൾക്ക് 80,352 കോടി രൂപയുടെ അംഗീകാരം നൽകി. പൊതുമരാമത്തിന്റെ 486 പദ്ധതികൾക്ക് 36,320 കോടി രൂപയുമാണ് കിഫ്ബി അംഗീകരിച്ചത്. ഇതിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി 6,769 കോടി രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് 7,638 കോടി രൂപ ചിലവഴിച്ച് 56 പദ്ധതികൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 161 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 106 കിലോമീറ്റർ റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്തി. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ 127 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 73 കിലോമീറ്റർ ബി എം ആൻഡ് ബി സി നിലവാരത്തിലേക്കും ഉയർത്തിയതായി മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി 21.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കൂളിമാട് പാലത്തിന് 35 മീറ്റർ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമാണുള്ളത്. 309 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റർ നീളത്തിലും സമീപ റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണവും പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായിരുന്നു. എം.പി മാരായ എം.കെ രാഘവൻ, ഡോ. എം.പി അബ്ദുസമദ് സമദാനി, എളമരം കരീം, ടി.വി ഇബ്രാഹീം എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ടീം ലീഡർ കെ ആർ എഫ് ബി, പി എം യു നോർത്ത് സർക്കിൾ ദീപു എസ് റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ ആർ എഫ് ബി പ്രെജക്റ്റ് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ് സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനിയർ യു.കെ. അബ്ദുൽ അസീസ് നന്ദി അറിയിച്ചു.