ജില്ലയില്‍ ആര്‍.ആര്‍.ആര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗമില്ലാത്ത പാഴ് വസ്തുക്കള്‍ ഇനി മുതല്‍ കളയണ്ട അവയെല്ലാം ആര്‍.ആര്‍.ആര്‍ സ്വാപ്പ് ഷോപ്പുകളില്‍ നല്‍കാം. പുനരുപയോഗിക്കാന്‍ കഴിയുന്ന പഴയ വസ്തുക്കളെ കൈമാറ്റം ചെയ്ത് ആവശ്യക്കാരിലേക്കെത്തിക്കാന്‍ ആര്‍.ആര്‍.ആര്‍ (റഡ്യൂസ്, റീയൂസ്, റീസൈക്കിള്‍) കേന്ദ്രങ്ങള്‍ അഥവ ‘കൈമാറ്റ ചന്തകള്‍’ ജില്ലയിലെ നഗരസഭകളില്‍ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റയില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപവും സുല്‍ത്താന്‍ ബത്തേരിയില്‍ കോട്ടക്കുന്ന് വയോജന പാര്‍ക്കിന് സമീപവും മാനന്തവാടിയില്‍ മുന്‍സിപ്പല്‍ ഓഫീസിന് സമീപവുമാണ് ആര്‍.ആര്‍.ആര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത്. മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം നടത്തുക എന്നിവയാണ് ആര്‍.ആര്‍.ആര്‍ സ്വാപ്പ് ഷോപ്പുകളിലൂടെ ലക്ഷ്യം വെക്കുന്നത്.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എന്റെ ജീവിതം എന്റെ ശുചിത്വ നഗരം’ (മേരി ലൈഫ് മേരാ സ്വച്ഛ് ഷെഹര്‍) ക്യാമ്പയിനിന്റെ ഭാഗമായാണ് സ്വാപ്പ് ഷോപ്പുകള്‍ ആരംഭിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ആര്‍.ആര്‍.ആര്‍ സെന്ററുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. സംസ്ഥാനത്ത് എല്ലാ നഗരസഭകളിലും ഇത്തരം സ്വാപ് ഷോപ്പുകള്‍ നടത്തുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്നതിന്റെ പ്രചാരമാണ് ആര്‍.ആര്‍.ആര്‍ സെന്ററുകളിലൂടെ ശുചിത്വ മിഷന്‍ ലക്ഷ്യമാക്കുന്നത്. വസ്തുക്കളുടെയും വിഭവങ്ങളുടെയും അനാവശ്യമായ ഉപഭോഗം പരിസ്ഥിതിക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട് എന്നത് സമൂഹത്തെ ബോധ്യപ്പെടുത്തി പുനരുപയോഗം ശീലിപ്പിക്കുന്നതിനും അത് വഴി ഉപഭോഗം കുറച്ചു മാലിന്യോത്പ്പാദനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയാണ് ആര്‍.ആര്‍.ആര്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.

ഏതു പ്രായക്കാര്‍ക്കും ഉപയോഗപ്രദമായ വസ്ത്രങ്ങള്‍, ബാഗുകള്‍, കുടകള്‍, ചെരുപ്പുകള്‍, ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങള്‍ തുടങ്ങി നിലവില്‍ ഉപയോഗമില്ലാതെ സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ അവശ്യക്കാരിലേക്ക് എത്തിക്കുകയും ഇതിലൂടെ പുനരുപയോഗം ഉറപ്പാക്കുകയും ചെയ്യും. പലവീടുകളിലും ഇത്തരം വസ്തുക്കള്‍ ഉപയോഗമില്ലാതെ കാലങ്ങളോളം സൂക്ഷിക്കുകയും പിന്നീട് അവ മാലിന്യമായി മാറുന്നതുമാണ് പതിവ്. അത്തരത്തില്‍ ഉണ്ടാകുന്ന മാലിന്യം കുറയ്ക്കാന്‍ ആര്‍.ആര്‍.ആര്‍ സെന്ററുകളിലൂടെ കഴിയും.

ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ ആയ വിവിധ വസ്തുക്കളുടെ ഏകജാലക ശേഖരണ കേന്ദ്രങ്ങളായി ആര്‍.ആര്‍.ആര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് പുത്തന്‍ പ്രതീക്ഷയായ ആര്‍.ആര്‍.ആര്‍ സെന്ററുകളുടെ പ്രവര്‍ത്തനം വാര്‍ഡ് തലങ്ങളിലേക്ക് എത്തിക്കാനും സ്ഥിരം സംവിധാനമാക്കാനും നഗരസഭകളുടെ ആലോചനയിലാണ്. ആര്‍.ആര്‍.ആര്‍ സെന്ററുകളില്‍ എത്തുന്ന സാധനങ്ങള്‍ വാങ്ങുന്നതും നല്‍കുന്നതും സൗജന്യമായാണ്. ജൂണ്‍ 5 വരെ സെന്ററുകള്‍ പ്രവര്‍ത്തിക്കും.