മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, അവയുടെ ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. ഇവ നീക്കം ചെയ്യാത്തതു മൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങളും നഷ്ടപരിഹാരവും ഭൂവുടമ വഹിക്കേണ്ടിവരും. അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കുന്നതിന് പഞ്ചായത്ത്, വില്ലേജ് തല ട്രീ കമ്മിറ്റികള്‍ ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മഴക്കാല മുന്നൊരുക്ക ജില്ലാതല യോഗത്തില്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.

സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വില്ലേജ് പഞ്ചായത്ത് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. പഞ്ചായത്തിരാജ് ആക്ട്, സെക്ഷന്‍ 238 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം അതാത് തദേശ സ്ഥാപന സെക്രട്ടറിക്കുണ്ട്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടിയന്തരമായി പരിഹരിച്ച് ഉത്തരവ് നല്‍കുന്നതിന് റവന്യൂ ഡിവിഷണല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി നീക്കം ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ട്രീ കമ്മറ്റികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.