അമൃത്സരോവര്‍ പദ്ധതിയുടെ ഭാഗമായി  പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയുള്ള ‘താളിയാട്ട് കുളം’ നവീകരിച്ചു നാടിനു സമര്‍പ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ എല്ലാ കുളങ്ങളും നവീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

കുടിവെള്ളത്തിനും , ജലസേചനത്തിനും ഉപയോഗിക്കുവാന്‍ കഴിയുന്ന 22 കുളങ്ങളാണ് നവീകരിക്കുന്നത്.ഐക്കരകുളം, പുളിക്കല്‍ കുളം, തൊടുകുളം, ഒരിപ്പുറം കൊച്ചു കുളം, എന്നി കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. കൈമട പാറ കുളം, ഇടയാനത്ത് കുളം, നെയ്തകുളത്ത് കുളം എന്നീ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തികള്‍ നടന്നു വരുന്നു. മറ്റുള്ളവയുടെ നവീകരണത്തിനും പദ്ധതി തയ്യാറാക്കിയതായും പ്രസിഡന്റ് പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍,ബ്ലോക്ക് അംഗം വി എം മധു, സ്റ്റാന്‍ഡിംഗ്് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രിയ ജ്യോതികുമാര്‍, വാര്‍ഡ് അംഗങ്ങളായ പൊന്നമ്മ വര്‍ഗീസ്, കെ .ആര്‍ രഞ്ജിത്, ശ്രീവിദ്യ, ജോയിന്റ് ബിഡിഒ അമ്പിളി.എസ്.നായര്‍, എന്‍ആര്‍ഇജിഎസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അഖില്‍ മോഹന്‍, രഞ്ചു ചന്ദ്രന്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.