കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികള്‍ ഇന്ന് കണ്ടും കേട്ടും അനുഭവിച്ചുമാണ്  പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ  ഏഴ് വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതോ, ഡിവിഷന്‍ കുറവ് മൂലം അധ്യാപകരെ മാറ്റേണ്ട സാഹചര്യമോ ഉണ്ടായില്ല.  പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കിയിരുന്നു. കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.


നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളുടെ വികസനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച  ഒരു കോടി രൂപയിലാണ് ദേശവാസികള്‍ക്ക് ആത്മബന്ധം ഉള്ളതും അനേകം പേര്‍ പഠിച്ചതുമായ ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയ സ്‌കൂളില്‍  സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് കണ്ടെത്തി  നടത്തും. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതുള്‍പ്പെടെ റോഡ്, കുടിവെള്ളം തുടങ്ങി ഓരോ പ്രവര്‍ത്തനവും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 375.29 ച.മീ.വിസ്തൃതിയില്‍ ഇരു നിലകളിലായാണ് സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷനായ ചടങ്ങില്‍ പി ഡബ്ല്യു ഡി ബില്‍ഡിംഗ് സബ്ഡിവിഷന്‍ തിരുവല്ല  അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍. രാഗിണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പുല്ലാട് എഇഒ ബി.ആര്‍. അനില, ഇരവിപേരൂര്‍ ജിഎല്‍പിഎസ് പ്രധാന അധ്യാപിക എസ്. ആശ, കോയിപ്രം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സ തോമസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.