വൈക്കം നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം. 9.20 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് വൈക്കം അഷ്ടമിയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്.

പാർക്കിലെത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത വിധം താഴ്ന്നുവളർന്ന മരച്ചില്ലകൾ മാറ്റും. കേടുപാടുകൾ സംഭവിച്ച ഇരിപ്പിടങ്ങൾ നവീകരിക്കും. ഉപയോഗയോഗ്യമല്ലാത്ത ഇരിപ്പിടങ്ങളും കേടുപാടുകൾ സംഭവിച്ച കളി ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കും. പാർക്കിന്റെ ഭാഗമായുള്ള ശൗചാലയം നവീകരിക്കും. പാർക്കിന്റെ മധ്യഭാഗത്തായി നിലവിലുള്ള മീൻകുളം മെച്ചപ്പെട്ട നിലയിൽ നവീകരിച്ച് അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കും. പാർക്കിലെത്തുന്ന കുട്ടികളുടെ സുരക്ഷക്കായി പാർക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കായൽ തീരത്തോട് ചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലിയും ഒരുക്കും.

കുടുംബവുമായും അല്ലാതെയും നഗരത്തിലെത്തുന്നവരുടെ ഇഷ്ട ഇടമാണ് വൈക്കം നഗരസഭ പാർക്ക്. പാർക്ക് കൂടുതൽ പ്രൗഡിയോടെ മുഖം മിനുക്കുമ്പോൾ പാർക്കിൽ സായാഹ്നം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുമെന്ന് നഗരസഭാധ്യക്ഷ രാധികാ ശ്യാം പറഞ്ഞു.