ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള മുഖ്യ/സപ്ലിമെന്ററി അലോട്ടമെന്റ് പ്രകാരമുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയായി. തുടർന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം അഡ്മിഷൻ നടത്തും.

ഏകജാലക പ്രവേശനത്തിനായുള്ള മുഖ്യ/സപ്ലിമെന്ററി/രണ്ടാം സപ്ലിമെന്ററി. അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷനായി ജൂലൈ 18 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ  https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ Candidate Login നിർമിച്ചശേഷം ലോഗിൻ ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തിയാക്കാം. മുഖ്യ/സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും, അഡ്മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കേണ്ടതുമാണ്.

ഒഴിവുകൾ പരിഗണിക്കാതെ കുട്ടികൾക്ക് ഓപ്ഷനുകൾ നല്കാവുന്നതും, പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും കുട്ടികളെ പരിഗണിക്കും. രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് അഡ്മിഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ 18 വൈകിട്ട് 4 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടണം.