* ഐ.സി.എം.ആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ടീം. ഐ.സി.എം.ആറിന്റെ ഇപ്ലിമെന്റേഷൻ ഗവേഷണ വിഭാഗം മേധാവിയായ ഡോ. ആഷു ഗ്രോവറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആരോഗ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അഭിനന്ദനം അറിയിച്ചത്. പൊതുജനാരോഗ്യരംഗത്തും വനിത ശിശു വികസന രംഗത്തും കേരളം നടത്തുന്ന പല പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളുടേയും യുവാക്കളുടേയും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രതിരോധത്തിനുമായുള്ള ദേശീയതല ഗവേഷണ പദ്ധതിയിൽ കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഘം കേരളം സന്ദർശിച്ചത്. കേരള സർക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായിട്ടാണ് ഈ ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യവും സാമൂഹിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യം, വനിതാ ശിശു വികസന വകുപ്പുകളുടെ പരിപാടികളെ കുറിച്ച് മന്ത്രി ഐസിഎംആർ സംഘവുമായി ചർച്ച നടത്തി.

ഐ.സി.എം.ആർ സയന്റിസ്റ്റ് പ്രോജക്ട് ഓഫീസർമാരുമായ ഡോ. നേഹ ദഹിയ, ഡോ. പുൽകിത് വർമ, കാസർഗോഡ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ഇന്ദു, എറണാകുളം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. ടി.വി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ഇതോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രേഗാഡെയുടെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഐ.സി.എം.ആർ ടീമും പങ്കെടുത്ത കോ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പിൽ എ.ഡി.ജി.പി പി. വിജയൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, തുടങ്ങി ആരോഗ്യം, പൊതു വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ ഓഫീസർമാർ പങ്കെടുത്തു.