സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൽജീവൻ മിഷൻ വഴി നാല് ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകി. കിഫ്ബി വഴി 5,000 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി. ഇതു വഴി ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയർ ഫാസിൽ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ,വാർഡ് മെമ്പർമാർമാരായ ലതിക.സി, ഗീത മുല്ലോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സ്വാഗതവും വാർഡ് കൺവീനർ രവിത്ത് കെ.കെ നന്ദിയും പറഞ്ഞു.