കരട് തീരദേശ പരിപാലന പ്ലാൻ വിവിധ ജില്ലകളിലെ പബ്ലിക് ഹിയറിങ്ങിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി പരമാവധി വേഗത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും ഇതിൽ ഒട്ടേറെ ഇളവുകൾക്ക് ശുപാർശ നൽകുന്നുണ്ടെന്നും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പാമിഡി പറഞ്ഞു.

2019ലെ തീരദേശ വിജ്ഞാപനത്തിന് അനുസൃതമായി തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിനെക്കുറിച്ചുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ നടന്ന ജില്ലാതല പബ്ലിക് ഹിയറിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തീരദേശ പരിപാലന പ്ലാൻ നടപ്പിലാക്കിയ ശേഷം തീരദേശത്ത് താമസിക്കുന്നവർക്ക്, മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിനോട് കുറേ ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാൻ പ്രകാരം, കണ്ണൂർ ജില്ലയിൽ നിലവിൽ സിആർഇസെഡ്-മൂന്ന് വിഭാഗത്തിലുള്ള 11 പഞ്ചായത്തുകളെ സിആർഇസെഡ് രണ്ട് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സിആർസെഡ് മൂന്നിൽ ആയിരുന്ന പഞ്ചായത്തുകളെ മൂന്ന് എ-യിലാക്കി. സ്വകാര്യ ഉടമസ്ഥതിയിലുള്ള കണ്ടൽച്ചെടികളുടെ ചുറ്റുമുള്ള ബഫർ വ്യവസ്ഥ കരട് നിയമ പ്രകാരം ഒഴിവാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽച്ചെടികൾക്ക് ആയിരം ചതുരശ്ര മീറ്ററിന് മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ബഫർ സോൺ ഉണ്ടാവൂ.

അത് 50 മീറ്ററായി പരിമിതപ്പെടുത്തി. പൊക്കാളി പാടങ്ങളിൽ വേലിയേറ്റ രേഖ ബണ്ടുകളിൽ നിജപ്പെടുത്തും.
പുഴകൾ, കൈവഴികൾ എന്നിവയിൽ 100 മീറ്ററായിരുന്ന ബഫർ 50 മീറ്ററായി ചുരുങ്ങും. പുഴയുടെ വീതി അമ്പതിൽ കുറവാണെങ്കിൽ പുഴയുടെ വീതി ആയിരിക്കും ബഫർ ആയി വരിക. സിആർഇസെഡ് മേഖലയിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീട് നിർമ്മിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് തന്നെ നൽകാനാകും. ദ്വീപുകളുടെ ദൂരപരിധി 50 മീറ്ററിൽ നിന്ന് 20 ആയി കുറയും. ഇതിന് ഇൻറഗ്രേറ്റഡ് ഐലൻറ് മാനേജ്‌മെൻറ് പ്ലാൻ തയ്യാറാക്കി അംഗീകരിക്കണം. തീരദേശ നിയന്ത്രണ മേഖലയിൽ ഹോം സ്റ്റേകൾ അനുവദിക്കും. സി ആർ ഇസഡ് പരിധിയിലെ വീടുകൾക്ക് കെട്ടിട നമ്പർ ലഭിക്കാത്ത പ്രശ്നമാണ് കൂടുതൽ പേരും ഉന്നയിച്ചത്.

ഇത് പ്രത്യേകം പരിഗണിക്കും. പരാതിയും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജൂൺ 14 വരെ അപേക്ഷ സമർപ്പിക്കാം. ഇതിന് ശേഷമാണ് പ്ലാനിൽ ആവശ്യമായ മാറ്റം വരുത്തി കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കുകയെന്നും സുനീൽ പാമിഡി പറഞ്ഞു.
പുതിയ കരട് പ്ലാൻ അംഗീകരിക്കപ്പെട്ടാൽ ഓരോ പ്രദേശത്തും ഉള്ളവർക്ക് ജിയോ ലൊക്കേഷൻ വെച്ച് തങ്ങളുടെ സ്ഥലം സിആർഇസെഡിൽ ഉൾപ്പെടുമോ എന്നും ഏത് വിഭാഗത്തിലാണ് എന്നും ഓൺലൈനായി മൊബൈൽ ആപ്പ് ഉപയോഗിച്ച് നോക്കാൻ കഴിയും.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ ഡോ. റെജി ശ്രീനിവാസൻ ക്ലാസെടുത്തു. ജനങ്ങളുടെ സംരക്ഷണത്തിനുള്ളതാണ് നിയമമെന്നും ഒരാളെയും ഇത് ഉപയോഗിച്ച് കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്ലാൻ സമർപ്പിച്ച് അനുമതി ലഭിക്കുന്നതോടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും റെജി ശ്രീനിവാസൻ വ്യക്തമാക്കി.
ഏഴോം ഗ്രാമപഞ്ചായത്തിലെ കൈപ്പാടുകളിലെ ബണ്ടുകൾ ടൈഡൽ സോൺ ആയി മാർക്ക് ചെയ്യണമെന്ന് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ ആവശ്യപ്പെട്ടു. കരട് പ്ലാനിലെ അപാകത, ദൂരപരിധി നിശ്ചയിച്ചതിലെ അപാകത, കെട്ടിട നമ്പർ ലഭിക്കാത്തത്, നിർമ്മാണ പ്രവൃത്തിയിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികളും വ്യക്തികളും കമ്മറ്റിയെ അറിയിച്ചു. ഇവ അവലോകനം ചെയ്ത് പ്ലാനിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് വിദഗ്ധ സമിതി ഉറപ്പ് നൽകി.

ഏപ്രിൽ 26നാണ് കണ്ണൂർ ജില്ലയുടെ കരട് മാപ്പ് പ്രസിദ്ധപ്പെടുത്തിയത്. നിലവിൽ കണ്ണൂർ കോർപ്പറേഷൻ, അഞ്ച് നഗരസഭകൾ, 38 പഞ്ചായത്തുകൾ എന്നിവക്കാണ് തീരദേശ പരിപാലന നിയമം ബാധകമാകുന്നത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഹിയറിങ്ങിൽ മേയർ  ടി ഒ മോഹനൻ, കലക്ടർ എസ് ചന്ദ്രശേഖർ, വിദഗ്ധ സമിതി അംഗങ്ങളായ ഡോ. കെ കെ വിജയൻ, ഡോ. സി രവിചന്ദ്രൻ, ഡോ. റിച്ചാർഡ് സ്‌കറിയ, പരിസ്ഥിതി പ്രവർത്തകൻ സത്യൻ മേപ്പയ്യൂർ, എൻവയോൺമെൻറൽ എൻജിനീയർ കലയരസൻ, നിയമ വിദഗ്ധ അമൃത സതീശൻ, ജെ എസ് പി സി സാബു, ടി എസ് ഷാജി, ജില്ലാ ടൗൺ പ്ലാനർ പി രവികുമാർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.