മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ ജില്ലയിൽ 106 ലക്ഷം രൂപ അനുവദിച്ചതായി റവന്യു മന്ത്രി കെ രാജൻ. മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന ഒല്ലൂർ മണ്ഡലത്തിലെ പിഡബ്ല്യുഡി – എൽ എസ് ജി ഡി പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാല മുന്നൊരുക്കങ്ങളും വിവിധ സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ, കെആർഎഫ്ബി എന്നിവയുടെ നിർമ്മാണ പുരോഗതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കെ എൽ ഡി സി നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണങ്ങളും യോഗത്തിൽ വിലയിരുത്തി.

മഴക്കാലത്തിന് മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കാനും കാനകൾ വൃത്തിയാക്കാനുമുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ മന്ത്രി നിര്ദേശം നൽകി. ഒല്ലൂർ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ പിഡബ്ല്യുഡി ആരംഭിച്ചു കഴിഞ്ഞു. ടൗൺ സെക്ഷന് കീഴിൽ 6 ലക്ഷം രൂപയുടെ മഴക്കാലപൂർവ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
പുത്തൂർ ഹയർസെക്കൻഡറി സ്കൂൾ, പട്ടിക്കാട് ഗവ. സ്കൂൾ, നടത്തറ പകൽവീട്, കട്ടിലപൂവ്വം ഗവ. സ്കൂൾ, പട്ടിക്കാട് ലൈബ്രറി എന്നിവിടങ്ങളിലെ നിർമ്മാണം പുരോഗതി വിലയിരുത്തി.
മാടക്കത്തറ – പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടുത്ത മാസത്തോടെ ഉദ്ഘാടനം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. മൂർക്കനിക്കര ഗവ. എൽപി സ്കൂളിൽ പൂർത്തിയാക്കാനുള്ള ഗേറ്റും കോമ്പൗണ്ട് വാളും ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി. പുത്തൂർ ഹയർസെക്കൻഡറി സ്കൂളിലെ 10 ക്ലാസ് മുറികളുടെ നിർമ്മാണം അടുത്ത ഫെബ്രുവരിയ്ക്കകം പൂർത്തീകരിക്കാനും പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകി.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന ഇരവിമംഗലം-പൂച്ചെട്ടി- പുഴമ്പള്ളം റോഡിൻറെ നിർമ്മാണ പുരോഗതി വിലയിരുത്തി. കുണ്ടുകാട്-കട്ടിലപ്പൂവം റോഡ് രണ്ടുമാസത്തിനകം പൂർത്തീകരിക്കാൻ പിഡബ്ല്യുഡി റോഡ് വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ വിവിധ കുടിവെള്ള പദ്ധതികൾ വിലയിരുത്തുകയും പൂർത്തീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ അവലോകന യോഗത്തിൽ നൽകുകയും ചെയ്തു.
കെ എൽ ഡി സി നിർവഹണ ഏജൻസിയായ താണിക്കുടം കുളം നവീകരണം പൂർത്തീകരിക്കാനും ചാത്തൻകുളം നവീകരണത്തിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.

യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, സൂപ്രണ്ടിങ് എൻജിനീയർ വി കെ ശ്രീമാല, പിഡബ്ല്യുഡി – തദ്ദേശസ്വയംഭരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.