അറിവിന് അതിരുകളില്ലെന്ന് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് വളരണമെന്ന് വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂർ ജി.എൽ.പി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ചത് അസൂയാവഹമായ നേട്ടങ്ങളാണ്. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഡോ.എ കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപിക ശ്രീജ എം.സി റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി നൗഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ രമേശൻ, എം.കെ രാജേന്ദ്രൻ, ജില്ലാ പ്രോഗ്രാം ഓഫീസർ എസ് യമുന, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ എ.ജസീന സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക ശോഭിത എം.ടി നന്ദിയും പറഞ്ഞു.