ബന്ധുക്കളെ ചേർത്ത് പിടിക്കുമ്പോഴും രാമകൃഷ്ണയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, സങ്കടത്താലല്ല, ആനന്ദത്താൽ. നീണ്ട വർഷങ്ങൾക്കു ശേഷം ബന്ധുക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ രാമകൃഷ്ണ കോഴിക്കോട് ആശാഭവന്റെ പടിയിറങ്ങിയത്. രണ്ട് വർഷത്തിലധികമായി ആശാഭവനിലുള്ള രാമകൃഷ്ണയെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന രാമകൃഷ്ണയെ പോലീസ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടത്തെ ചികിത്സയ്ക്ക് ശേഷം 2020 ആഗസ്റ്റ് 13-നാണ് ആശാഭവനിലേക്ക് മാറ്റുന്നത്. കാര്യങ്ങൾ ചോദിച്ച് മനസിലാക്കാൻ ഭാഷ പ്രശ്നമായപ്പോൾ രാമകൃഷ്ണയുടെ ബന്ധുക്കളെ കണ്ടെത്തുന്നത് നീണ്ടുപോവുകയായിരുന്നു.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനുമായ എം ശിവന്റെ സഹായത്തോടെയാണ് രാമകൃഷ്ണ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യങ്ങളോട് പൂർണ്ണമായി പ്രതികരിച്ചതോടെ ബന്ധുക്കളെ കണ്ടെത്തുന്നതും എളുപ്പമായി. തുടർന്ന് പോലീസ് മുഖേന വീട്ടുകാരെ കണ്ടെത്തി കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു. ഏറെ നാളായി മാനസിക പ്രശ്‌നമുള്ള വ്യക്തിയായിരുന്നു രാമകൃഷ്ണ. ആഴ്ചകളോളം പുറത്ത് പോയി വീട്ടിൽ തിരിച്ചെത്താറാണ് പതിവെന്ന് ബന്ധുക്കൾ പറഞ്ഞു. അവസാനമായി വീട്ടിൽ നിന്നിറങ്ങിയപ്പോഴും അത്തരത്തിലാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് തിരിച്ച് എത്താതെ ആയതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

കേരളമായത് കൊണ്ടാണ് സഹോദരനെ ഇങ്ങനെ സംരക്ഷിച്ചതെന്നും എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും രാമകൃഷ്ണയുടെ സഹോദരൻ ആദി ശേഷയ്യ പറഞ്ഞു. ഭാര്യാ സഹോദരൻ വേണു ബാബു, ബന്ധുക്കളായ സായി, രവീന്ദ്രബാബു തുടങ്ങിയവർ എത്തിയാണ് രാമകൃഷ്ണനെ സ്വദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് മടങ്ങിയ കുടുംബത്തെ ആശാഭവൻ ജീവനക്കാർ, സാമൂഹ്യ പ്രവർത്തകൻ ശിവൻ എം എന്നിവർ ചേർന്ന് യാത്രയാക്കി.