നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ സബ് ജില്ലാതല പ്രവേശനോത്സവത്തോടനുബന്ധിച്ച് കുരുന്നുകളെ സ്വാഗതം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എത്തി. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ എത്തിയ കുട്ടികളെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മധുരം നല്‍കിയാണ് സ്വീകരിച്ചത്. കുട്ടികളോടൊപ്പം സമയം ചെലവഴിച്ചശേഷമാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സുരേഷ്‌കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.