ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അരയുംതലയും മുറുക്കിയിറങ്ങിയപ്പോള്‍ കളക്ടറേറ്റ് വീണ്ടും ക്ലീന്‍. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെപ്പിന് കരുത്ത് പകര്‍ന്നാണ് മുന്‍നിശ്ചയിച്ചതുപോലെ ജൂണ്‍ ഒന്നിന് രാവിലെ തന്നെ ജീവനക്കാര്‍ ഒരു മനസ്സോടെ ഓഫീസ് മുറികള്‍ വിട്ട് മണ്ണിലിറങ്ങിയത്.
‘മാലിന്യമുക്തം നവകേരളം’ പ്രചാരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ മെഗാ ശുചീകരണ ഡ്രൈവ് നടന്നത്. രാവിലെ തന്നെ 9 ന് തന്നെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. എല്ലാ ഓഫീസുകളില്‍ നിന്നുമുള്ള ജീവനക്കാര്‍ ഒരുമിച്ചിറങ്ങിയതോടെ മണിക്കൂറുകള്‍ക്കകം കലക്ടറേറ്റും പരിസരവും വൃത്തിയായി. കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയതോടെ ജീവനക്കാര്‍ക്ക് ആവേശമായി. ഒരു ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവര്‍ത്തനമല്ല, തുടര്‍ ദിവസങ്ങളിലും പരിസര ശുചിത്വം നിലനിര്‍ത്തി കൊണ്ടുപോകണമെന്നും ജോലി ചെയ്യാന്‍ വൃത്തിയുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സിവില്‍സ്റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കല്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു നടന്നത്. കളക്ടറേറ്റിലെ കാടുമൂടിക്കിടന്ന ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് അടക്കമുള്ള ഭാഗങ്ങള്‍ വൃത്തിയാക്കി വീണ്ടെടുത്തു. ഇവിടെ അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു.
ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വിവിധ ഓഫീസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പേപ്പറുകള്‍, കുപ്പികള്‍, ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പഴയ ഫയലുകള്‍ തുടങ്ങിയവ പ്രത്യേകം തരംതിരിച്ചു ഹരിതകര്‍മസേന, ക്ലീന്‍കേരള കമ്പനി എന്നിവയ്ക്ക് കൈമാറി. കട്ടപ്പനയിലെ എക്‌സ് സര്‍വീസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരും ജീവനക്കാരോടൊപ്പം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
മെഗാ ശുചീകരണ യജ്ഞത്തില്‍ സിവില്‍ സ്റ്റേഷനും മറ്റു താലൂക്ക് തല സിവില്‍ സ്റ്റേഷനുകളും ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും വൃത്തിയാക്കി.