ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക എൻഫോഴ്‌സ്‌മെന്റ് സംവിധാനം നാളെ (ജൂൺ 5) രാവിലെ  എട്ട്  മണി മുതൽ പ്രവർത്തനസജ്ജമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിവർഷം നാൽപ്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിക്കുകയും 49,307 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി.

2023 ഏപ്രിൽ വരെ 16,528 റോഡപകടങ്ങളിൽ 1,447 പേർ മരിക്കുകയും 19,015 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെടുന്നതിലും ഗുരുതരമായി പരിക്കേൽക്കുന്നതിലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കൾ ആണ് കൂടുതൽ. പ്രതിവർഷം മരണമടയുന്ന യുവാക്കളിൽ 200-ഓളം പേർ 18 വയസ്സിൽ താഴെയുള്ളവരും ഗുരുതരമായി പരിക്കേൽക്കുന്നവരിൽ 30% വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരംഎറണാകുളംതൃശൂർ ജില്ലകളിലാണ് റോഡ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിംഗ് തുടങ്ങി പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ജീവഹാനി വരുത്താവുന്ന അപകടങ്ങൾ ഗണ്യമായി കുറയുന്നതിന് മുൻഗണന നൽകുന്ന പദ്ധതിക്കാണ് മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതല്ല.

പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ-യ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജൂൺ രണ്ടിന് 2,42,746 റോഡ് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.