മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ റജീന ഉദ്ഘാടനം ചെയ്തു.

കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ നടന്ന പരിശീലനത്തില്‍ മാനന്തവാടി, പനമരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ ബ്ലോക്കുകളില്‍ നിന്നായി 72 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍, വ്യാപ്തിയും പരിഹാര ഇടപെടലുകളും, മാലിന്യമുക്തം നവകേരളം ക്യാമ്പയിനില്‍ ഹരിത കര്‍മ്മസേനയുടെ പങ്ക് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ടുകള്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സന്മാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി. അഖില, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിദ്യമോള്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ഹുദൈഫ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോഡിനേറ്റര്‍ കെ.എം സെലീന തുടങ്ങിയവര്‍ സംസാരിച്ചു.