മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 9.30 ന്  പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു  അധ്യക്ഷനായിരിക്കും. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലും.

എല്ലാ സ്‌കൂളുകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്‌കൂൾ ക്യാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം. എല്ലാ സ്‌കൂളുകളിലും ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച്  നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിനോടൊപ്പം മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നു.

വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടപ്പാക്കുക. കുട്ടികളാരും തന്നെ ക്യാമ്പസ്സിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ല എന്ന് ക്യാമ്പയിനിലൂടെ ഉറപ്പാക്കാനും അതിന് കുട്ടികളെ സജ്ജമാക്കാനും കഴിയും.