തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിക്കുന്ന ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്ച തുടക്കമിടുന്നു. തിരുവനന്തപുരത്ത് മാണിക്കൽ പഞ്ചായത്തിൽ ആലിയാട് ഗ്രാമീണ ചന്തയുടെ അങ്കണത്തിൽ ആരംഭിക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം രാവിലെ 10 .30 ന് ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ശ്രീ ചിത്ര ഹോം പരിസരത്തു നാളെ രാവിലെ നടക്കുന്ന പച്ചത്തുരുത്ത് തൈ നടീൽ നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. ഡോ. ആർ വി ജി മേനോൻ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത് ആണ് ഈ പച്ചത്തുരുത്തിന്റെ പരിപാലനം നിർവഹിക്കുന്നത്. നിലവിൽ 779 ഏക്കറുകളിലായി 2526 പച്ചത്തുരുത്തുകൾ സംസ്ഥാനത്തു വച്ചുപിടിപ്പിച്ചിട്ടുണ്ട്.
പച്ചത്തുരുത്തുകളിൽ വരൾച്ചയെത്തുടർന്നും മറ്റും കേട് വന്നതും നശിച്ചുപോയതുമായ തൈകൾക്ക് പകരം പുതിയ തൈകളും ഇതോടൊപ്പം നാട്ടു പിടിപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ടി.എൻ.സീമ പറഞ്ഞു. സംസ്ഥാനത്തെ എല്ലാജില്ലകളിലുമായാണ് പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി ഈ വർഷം തന്നെ ആയിരം പച്ചത്തുരുത്തുകൾ കൂടി വച്ചുപിടിപ്പിക്കുന്നത്.