ക്വിസ്സിലെ ലോകചാമ്പ്യനെ കണ്ടുപിടിക്കാൻ നൂറിലധികം വേദികളിലായി ഒരേ സമയം സംഘടിപ്പിച്ച ലോക ക്വിസ്സിങ് ചാമ്പ്യൻഷിപ് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഇന്റർനാഷണൽ ക്വിസ്സിങ് ചാമ്പ്യൻഷിപ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടത്തിയ ചാമ്പ്യൻഷിപ്പ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

ജില്ലാ വേദിയായ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പ്രായ, വിദ്യാഭ്യാസ ഭേദമന്യേ 57 പേർ പങ്കെടുത്തു. ഓപ്പൺ, സ്കൂൾ, കോളേജ്, വനിതാതലം എന്നീ നാലു വിഭാഗകളിലായി ഋത്വക് കെ, നിവേദിത രഞ്ജിഷ്, ശ്രീരാം എം ഉണ്ണിത്താൻ, ഡോ. മിനി വാര്യർ എന്നിവർ വിജയികളായി.

മുഴുവൻ കേന്ദ്രങ്ങളിലേയും മത്സരം പൂർത്തിയായതിന് ശേഷം ലോക ചാമ്പ്യനെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിൽ ആകെ14 വേദികളാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന ഈ മത്സരത്തിൽ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ട്‌ വിഷയങ്ങളിലായി 240 ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയത്.

എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം സംഘടിപ്പിച്ചത്. രണ്ട് മണിക്കൂർ ദൈർഘ്യത്തിൽ രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു മത്സരം നടന്നത്. മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്വിസ്സിങ്ങിൽ ഒരു ലോക റാങ്കിങ്ങും 240 ചോദ്യങ്ങൾ അടങ്ങിയ ബുക് ലൈറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും.

ഐ ക്യു എ പ്രോക്ടർ ദീപക് സുധാകർ ക്വിസ് മത്സരം നിയന്ത്രിച്ചു. ഐ ക്യു എ ഡയറക്ടർ എലിസബത്ത്,  ജില്ലാ കോർഡിനേറ്റർ വസന്ത് കിഷോർ, പ്രശസ്ത ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസ്, ക്യു ഫാക്ടറി കോർഡിനേറ്റർ പ്രവീൺ വിജയൻ എന്നിവർ സംബന്ധിച്ചു.