സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ (കിറ്റ്‌സ്) മുൻ അധ്യാപികയുമായ വി. എം ആര്യയെ കിറ്റ്‌സ് അനുമോദിച്ചു. അനുമോദന പരിപാടി സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും അഭിമാനമായി മാറിയ ആര്യ കഠിനാധ്വാനികൾക്ക് മാതൃകയാണെന്ന് മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

സിവിൽ സർവീസിൽ പ്രവേശിക്കുന്നവർ ഉയർന്ന പരിഗണന നൽകേണ്ടത് നാട്ടിലെ സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾക്കാണ്. ചടുലമായി ഇടപെടാനും സമയബന്ധിതമായി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ആര്യമാർക്ക് സാധിക്കും. നിയമങ്ങളും ചട്ടങ്ങളും അതനുസരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്. തന്റെ സിവിൽ സർവീസ് യാത്രയിൽ ഒരുപാട് മുതൽക്കൂട്ടായ സ്ഥാപനമാണ് കിറ്റ്‌സ് എന്ന് മറുപടി പ്രസംഗത്തിൽ ആര്യ പറഞ്ഞു. സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ സാധിച്ചത് കിറ്റ്‌സിലെ അനുഭവം കാരണമാണ്. കിറ്റ്‌സിന്റെ ഉപഹാരം ആര്യ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. കിറ്റ്‌സ് ഡയറക്ടർ ഡോ. ദിലീപ് എം.ആർ, പ്രിൻസിപ്പൽ ഡോ. ബി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.