പ്രകൃതിക്ഷോഭം മൂലം കൊല്ലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം പ്രളയക്കെടുതികള്‍ നേരിട്ട സ്ഥലങ്ങളില്‍  സന്ദര്‍ശനം നടത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂര്‍, ജലവിഭവ വകുപ്പ് കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാംഗി എന്നിവര്‍ സെപ്റ്റംബര്‍ 23ന്  ഉച്ചയ്ക്കാണ് കൊല്ലത്തെത്തിയത്.
കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരത്തിനും റോഡിനും കടല്‍ഭിത്തിക്കും നാശനഷ്ടം സംഭവിച്ച കളീക്കല്‍ കടപ്പുറം മുതല്‍ ഇരവിപുരം കുരിശടിവരെയുള്ള മേഖലകളിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും മറ്റ് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ബിച്ച് ഹോട്ടലില്‍ നടന്ന യോഗത്തിനുശേഷം സംഘം മണ്‍റോത്തുരുത്തിലെത്തി. പട്ടംതുരുത്തിലെ തകര്‍ന്ന വീടുകളും കണ്‍ട്രാംകാണിയിലെ പൊതുജനാരോഗ്യകേന്ദ്രവും മുക്കം കലുങ്കും കേന്ദ്ര ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു വിലയിരുത്തി.
മണ്‍റോതുരുത്തിലുണ്ടായ പ്രളയക്കെടുതികളുടെ വിശദാംശങ്ങളും മേഖലയില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുന്ന നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ സംഘത്തിന് സമര്‍പ്പിച്ചു.
സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.