ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവതല സ്പർശിയും സാമൂഹ്യ നീതിലിയധിഷ്ഠിതമായും സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളിൽ അഭൂതപൂർവമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തോടുള്ള കരുതലും കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന അഭിവാഞ്ചയുമുള്ളവരാണു ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണത്തിലൂടെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്തിയ ഏഴു വർഷങ്ങളാണു കടന്നുപോകുന്നത്. ഏഴു വർഷത്തിനു മുൻപു കേരളത്തിലെത്തിയ പ്രവാസി സഹോദരങ്ങൾ ഇപ്പോൾ കേരളത്തിലെത്തുമ്പോൾ കാണുന്ന കാഴ്ച മനസിന് ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണ്.
വലിയ നിരാശയുടെ കാലമായിരുന്നു 2016നു മുൻപു കേരളത്തിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു എല്ലാവരിലും. ദേശീയപാതEവികസത്തിനായി എത്തിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻ.എച്ച്.എ.ഐ) ഓഫിസ് പൂട്ടി മടങ്ങേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് സ്തംഭിച്ചതായിരുന്നു കാരണം. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയിലും ഇതുതന്നെ സംഭവിച്ചു. ഇടമൺ – കൊച്ചി പവർ ഹൈവേ പദ്ധതിക്കെത്തിയ നാഷണൽ പവർ ഗ്രിഡ് കോർപ്പറേഷനും ഓഫിസ് പൂട്ടി സ്ഥലം വിടേണ്ടിവന്നു.
2016നു ശേഷമെത്തിയ സർക്കാർ ഇക്കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നതു വസ്തുതയാണ്. ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നു. ഗെയിൽ പൈപ്പ് ലൈനിലൂടെ ഇന്നു വാതകം പ്രവഹിക്കുകയാണ്. ഇടമൺ – കൊച്ചി പവർ ഹൈവേയിലൂടെ വൈദ്യുതിയും ഒഴുകുന്നു. 2016നു മുൻപുണ്ടായിരുന്ന അവസ്ഥ മാറി മലയാളികളായ എല്ലാവരുടേയും മനസിൽ പ്രതീക്ഷയും പ്രത്യാശയും വന്നിരിക്കുന്നു. ഒന്നും നടക്കില്ലെന്ന ധാരണ മാറി ഇവിടെ ചിലതു നടക്കുമെന്ന ചിന്ത ഇപ്പോൾ ഉണ്ടായിരിക്കുന്നു.
തെരഞ്ഞെടുപ്പുസമയത്തു ജനങ്ങൾക്കു മുന്നിൽവയ്ക്കുന്ന വാഗ്ദാനങ്ങൾ അപ്പോൾത്തന്നെ മറന്നുകളയുകയാണു മറ്റു പലരും ചെയ്യുന്നത്. എന്നാൽ കേരളത്തിലെ സർക്കാർ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽപറഞ്ഞ എല്ലാ കാര്യങ്ങളുംതന്നെ നടപ്പാക്കി. 600 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. അതിൽ 580ഉം നടപ്പാക്കി. ഓരോ വർഷവും ഇതിന്റെ പുരോഗതി പരിശോധിക്കാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാണ് അഞ്ചു വർഷവും കടന്നുപോയത്. അതോടെ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. കേരളത്തിന്റെ ചരിത്രം തിരുത്തി അവർ തുടർഭരണവും നൽകി. ഈ സർക്കാരിന്റെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള പ്രോഗ്രസ് റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല സർക്കാരിന്റെ പ്രവർത്തനം. 2018ലെ മഹാ പ്രളയവും 2019ലെ അതിരൂക്ഷ കാലവർഷക്കെടുതിയും നാട് നേരിടേണ്ടിവന്നു. കേരളത്തെ നെഞ്ചേറ്റിയ രാഷ്ട്രങ്ങൾപോലും ഈ പ്രതിസന്ധി നാം എങ്ങനെ മറികടക്കുമെന്നു ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. എല്ലാവരും ഒരേ മനസോടെ അതിജീവനത്തിനായി അണിനിരന്നു. ഒരുതരത്തിലും നാടിനെ പിന്നോട്ടടിപ്പിക്കാതെ, തകർന്നടിഞ്ഞു പോകുമെന്നു കരുതിയിടത്തുനിന്നു ശരിയായ വികസനത്തിലേക്കു നയിക്കാൻ കഴിഞ്ഞു.
വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രദേശത്തുള്ളവരിൽ മാത്രം ഒതുങ്ങരുതെന്നാണു കേരളത്തിലെ സർക്കാരിന്റെ കാഴ്ചപ്പാട്. വികസനത്തിന്റെ സ്വാദ് നുകരാൻ എല്ലാവർക്കും തുല്യ അവകാശമുണ്ടെന്ന നയത്തിലൂന്നിയാണു വികസന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ മേയ് 25നു രാജ്യത്തെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളം മാറി. സംസ്ഥാന സർക്കാരിൽനിന്നുള്ള 900ലധികം സേവനങ്ങൾ ഇപ്പോൾ ഓൺലൈനിലൂടെയാണു നൽകുന്നത്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം. അഴിമതി തീരെയില്ലാത്ത സംസ്ഥാനമെന്ന പേരു നേടാനുള്ള ശ്രമത്തിലാണ് നാം ഇപ്പോൾ. അതിന് ഏറെ സഹായകമായ ഒന്നാകും ഇ-ഗവേണൻസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്ന ഇന്റർനെറ്റ് പൗരന്റെ അവകാശമായി കേരളം പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണു കെ-ഫോൺ നടപ്പാക്കിയത്. പബ്ലിക് ഓഫിസുകളിലും വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനു പുറമേ 2,000 പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചു. 2000 ഹോട്ട് സ്പോട്ടുകൾകൂടി ഉടൻ സ്ഥാപിക്കും.
കഴിഞ്ഞ ഏഴു വർഷംകൊണ്ട്, ഭവനരഹിതരായ 3.7 ലക്ഷം പേർക്കു സ്വന്തമായി വീടു നൽകി. ഭൂരഹിതരായ മൂന്നു ലക്ഷം പേർക്കു പട്ടയം നൽകി. 3.5 ലക്ഷം കുടുബങ്ങൾക്കു മുൻഗണനാ റേഷൻ കാർഡ് നൽകി. അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 0.7 ശതമാനം പേർ അതിദരിദ്രരാണെന്നാണു നീതി ആയോഗിന്റെ കണക്ക്. 64,006 കുടുംബങ്ങളാണ് പരമ ദരിദ്രാവസ്ഥയിലുള്ളത്. 2025 നവംബർ ഒന്നാകുമ്പോൾ സംസ്ഥാനത്തെ പരമദരിദ്രരില്ലാത്ത നാടാക്കി മാറ്റാനുള്ള നടപടികളാണു സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ പ്രവാസികൾക്കും വലിയതോതിൽ സഹായിക്കാവുന്നതാണ്.
2,70,000 നിയമനങ്ങൾ ഇക്കാലയളവിൽ പി.എസ്.സി. മുഖേന നടത്തി. 30,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 1600 രൂപ വീതം സാമൂഹ്യക്ഷേമ പെൻഷനായി നൽകുന്നു. ഇതു രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 63 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സർക്കാർ അധികാരത്തിലെത്തിയപ്പോൾ 600 രൂപയായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷൻ. ഇതാണു വർധിപ്പിച്ച് 1,600ൽ എത്തിച്ചത്. ഇത് ഇവിടെയും നിൽക്കില്ല. കാലാനുസൃതമായ വർധന വേണ്ടിവരുമെന്നുതന്നെയാണു സർക്കാർ കാണുന്നത്. 43 ലക്ഷം കുടുംബങ്ങൾക്കു ഹെൽത്ത് ഇൻഷ്വറൻ നൽകുന്നു. സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമായിട്ടുള്ള 30 ലക്ഷത്തോളം പേർക്ക് മെഡിസെപ് വഴി ആരോഗ്യ പരിരക്ഷ നൽകുന്നു. രാജ്യത്തു മറ്റൊരിടത്തും ഇങ്ങനെയൊരു പദ്ധതിയില്ല.
രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല, രാജ്യത്തെ ആദ്യ ഗ്രാഫിൻ സെന്റർ, ആദ്യ വാട്ടർ മെട്രോ എന്നിവ കേരളത്തിലാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്പാർക്കിനു ശിലയിട്ടു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ളതും കേരളത്തിലാണ്. കേരളത്തിന്റെ വ്യാവസായിക സൗഹൃദാന്തരീക്ഷം വർധിച്ചിരിക്കുന്നു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച പദ്ധതി വഴി 1.40 ലക്ഷം സംരംഭങ്ങൾ തുടങ്ങി. ഇതു കേരളത്തിന്റെ പുതിയ മാറ്റമാണു കാണിക്കുന്നത്. ഐടി മേഖലയിൽ പുതിയ ഒട്ടേറെ സ്ഥാപനങ്ങൾ വരാൻ സന്നദ്ധമായിരിക്കുന്നു.
തൊഴിലില്ലായ്മ നിരക്കിലും വലിയ കുറവുണ്ടാക്കാൻ കഴിഞ്ഞു. 2016ൽ 12 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക. ഇന്നത് അഞ്ചു ശതമാനമായി കുറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ആധുനികവത്കരണത്തിനുമായി 3,800 കോടി രൂപയാണ് കഴിഞ്ഞ ആറു വർഷംകൊണ്ടു ചെലവാക്കിയത്. ആരോഗ്യ മേഖലയിൽ 19,000 കോടി രൂപ ചെലവഴിച്ചു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണ നടപടികൾ പുരോഗമിക്കുന്നു. തീരദേശ ഹൈവേയ്ക്ക് 6,500 കോടി രൂപയും മലയോര ഹൈവേയ്ക്ക് 3,500 കോടി രൂപയ്ക്കും വേണ്ടിവരും. സംസ്ഥാനമാണ് ഇതിന്റെ പൂർണ ചെലവു വഹിക്കുന്നത്. യാത്രയ്ക്കു വലിത തടസങ്ങൾ ഇപ്പോൾ കേരളത്തിലില്ല. അരിക്കൊമ്പനെ കൊണ്ടുപോകുമ്പോൾ മലയോര റോഡിന്റെ ഭംഗികണ്ട് ആളുകൾ പ്രശംസിക്കുന്ന അവസ്ഥയാണുണ്ടായത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം മുന്നേറണമെന്ന പ്രവാസി സഹോദരങ്ങളുടെ അതിയായ ആഗ്രഹത്തിന്റെ പ്രകടനമാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളിൽ കണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനം വിജയകരമായിരുന്നു. എല്ലാവർക്കും ആവേശവും ശുഭപ്രതീക്ഷയും പകരുംവിധത്തിലാണു സമ്മേളനം നടന്നത്. മേഖലാ സമ്മേളനം വിജയിപ്പിച്ചതിൽ നാട് അങ്ങേയറ്റം സന്തോഷിക്കുന്നതായും അക്കാര്യം നാടിനുവേണ്ടി പങ്കുവയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.