മത്സ്യത്തൊഴിലാളികളായ 200 പേര്‍ക്ക് പോലീസ് സേനയില്‍ താല്‍കാലിക നിയമനം നല്‍കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ‘മികവ് 2018’ വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്ത് ഏറ്റവും കൂടുതല്‍ മിനിമം വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കി  രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ദുരന്തത്തില്‍ സഹായിക്കാനെത്തിച്ചേര്‍ന്നവരില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ മത്സ്യഫെഡ് മുഖേന ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മത്സ്യത്തൊഴിലാളി സംഘം, മത്സ്യബന്ധന ഗ്രൂപ്പുകള്‍, എസ്.എച്ച്.ജി ഗ്രൂപ്പ് എന്നിവയ്ക്കുള്ള അവാര്‍ഡുകളും വിവിധ വായ്പാ പദ്ധതികളുടെ വിതരണവും  നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 5 ജില്ലകളിലെ 176 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. മൈക്രോഫിനാന്‍സ് വായ്പാ പദ്ധതികളിലുള്‍പ്പെടുത്തി  748 വനിതകള്‍ക്ക് 151.50 ലക്ഷം രൂപയുടെ വിതരണവും ചടങ്ങില്‍ നടന്നു. ഡോ.എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഫിഷറീസ് ഡെ.ഡയറക്ടര്‍  മറിയം ഹസീന, വിദ്യാഭ്യാസ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.