കൂട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജയശിൽപികൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ കുട്ടിക്കും ഓരോ അഭിരുചികളാണ്. അവ കണ്ടെത്തി അതിന് ഉതകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസം നൽകാൻ കഴിയണം, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകി അഭിരുചികളെ കണ്ടെത്താൻ കഴിയണം. വിവര സാങ്കേതികവിദ്യ വേണ്ട വിധത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ്ടുവിന് 100% വിജയം നേടിയ ജില്ലയിലെ നാല് സ്‌കൂളുകളായ ഗവ. ഹയർ സെക്കൻഡറി ചട്ടുകപ്പാറ, ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി കുറുമാത്തൂർ, ഹയർ സെക്കന്ററി ഇരിട്ടി, ഡോൺ ബോസ്‌കോ കാരക്കുണ്ട് എന്നീ സ്‌കൂളുകളെ ആദരിച്ചു. 1200ൽ 1200 മാർക്ക് നേടിയ 10 വിദ്യാർഥികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയുമാണ് ചടങ്ങിൽ ആദരിച്ചത്.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്‌റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്ന കുമാരി, യു പി ശോഭ, വി.കെ സുരേഷ് ബാബു, ടി സരള, ഹയർ സെക്കൻഡറി റീജിയണല്‍ ഡിഡി കെ എച്ച് സാജൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, സമഗ്രശിക്ഷാ കേരളം ഡിപിസി ഇ സി വിനോദ്, അധ്യാപക സംഘടനാ പ്രതിനിധികളായ ശശീന്ദ്രൻ, ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കണ്ണൂർ സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസർ എ പി കുട്ടികൃഷ്ണൻ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.