വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി മാത്രമേ സഹകരണ മേഖലയിലെ ജീവനക്കാർക്ക് മുന്നോട്ടുപോകാനാവൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് 2020-21 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്രമക്കേട് കണ്ടെത്തിയ പല ബാങ്കുകളിലും ഒന്നോ രണ്ടോ പേർക്ക് മാത്രമേ വിവര സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ അറിയാവൂ എന്നാണ് പരിശോധനയിൽ മനസ്സിലായത്. ഏതെങ്കിലും കമ്പനിയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ, കമ്പനിയിലെ ചുമതലപ്പെട്ടയാളും ബാങ്കിൽ സോഫ്റ്റ്‌വെയർ അറിയാവുന്ന ആളും തമ്മിലാണ് ബന്ധം. അതിനുള്ളിൽ എന്തെല്ലാം കൃത്രിമം നടന്നാലും മറ്റുള്ളവർ കാഴ്ചക്കാരായി നിൽക്കുകയും ക്രമക്കേട് കണ്ടുപിടിക്കുമ്പോൾ എല്ലാവരും പഴി കേൾക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതാണ് ഈ കാലഘട്ടത്തിൽ ജീവനക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു വലിയ ക്രമക്കേട് നടന്ന സംഘത്തിൽ പരിശോധന നടത്തിയപ്പോൾ സെക്രട്ടറിക്കും സോഫ്റ്റ്‌വെയർ കമ്പനിക്കും മാത്രമേ അവിടെ നടപ്പിലാക്കിയ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ധാരണയുള്ളൂ.വിവര സാങ്കേതിക വിദ്യ ഓരോ സെക്കൻറിലും പുതിയ പരീക്ഷണങ്ങളുമായി മുമ്പോട്ടു വരികയാണ്. കാലോചിതമായ മാറ്റം വരുത്തിക്കൊണ്ടുമാത്രമേ സഹകരണ പരിശീലന സ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയൂ. ജീവനക്കാർക്കും സഹകാരികൾക്കും ആവശ്യമായ പരിശീലനം വേണം.
സുതാര്യമായി സഹകരണ മേഖല മുന്നോട്ടുപോകണം. കാരണം ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ചെന്നെത്തിയിട്ടുള്ള, വിപുലവും വിശാലവുമായ ജനകീയ അടിത്തറയുള്ള കേരളത്തിലെ ഒരേയൊരു പ്രസ്ഥാനം സഹകരണ മേഖലയാണ്. അതുകൊണ്ട് അത് ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ല. സഹകരണ മേഖലയുടെ പ്രാഥമിക ലക്ഷ്യം സാമൂഹിക പ്രതിബദ്ധതയാണ്. നഷ്ടം വരാതിരുന്നാൽ തന്നെ സഹകരണ പ്രസ്ഥാനത്തിന്റെ ആശയം ആയി. സാധാരണക്കാരന്റെ അത്താണിയായ സഹകരണ പ്രസ്ഥാനത്തെ നെഞ്ചേറ്റാൻ ജനങ്ങൾ മുന്നോട്ടുവരുമ്പോൾ അതിനൊത്ത നിലവാരവും നിലപാടുമായി ജീവനക്കാരും പ്രവർത്തിക്കണം. എങ്കിലേ അത് പൂർണതയിലേക്ക് എത്തൂ-മന്ത്രി പറഞ്ഞു.സംസ്ഥാന സഹകരണ യൂണിയന്‍ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍
മാനേജ്‌മെൻറ് കമ്മിറ്റി അംഗം കെ കെ നാരായണൻ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജ്‌മെൻറ് കമ്മിറ്റി അംഗം സി വി ശശീന്ദ്രൻ, സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ വി രാമകൃഷ്ണൻ, കണ്ണൂർ സർക്കിൾ സഹകരണ യൂണിയന്‍ ചെയർമാൻ പി മുകുന്ദൻ, തലശ്ശേരി സർക്കിൾ സഹകരണ യൂണിയന്‍ ചെയർമാൻ ടി അനിൽ, തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റർ കെ പ്രദോഷ് കുമാർ, സഹകരണ സംഘം അസി. രജിസ്ട്രാർ പി പി സുനിലൻ, പിഎസിഎസ് അസോസിയേഷൻ കണ്ണൂർ താലൂക്ക് പ്രസിഡൻറ് സി കെ രാജീവൻ, സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ യു കെ ബിജു എന്നിവർ സംസാരിച്ചു.