ഓണസമ്മാനമായി സംസസ്ഥാനത്ത് എല്ലാ ബ്ലോക്ക് തലത്തിലും വെറ്ററിനറി ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ആംബുലന്‍സിലും ഒരു വെറ്റിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കും. രാത്രികാലത്തും സേവനം ലഭിക്കും. ഇതിനായി ആവശ്യമുള്ള ഡോക്ടര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിനായി 14 കോടി രൂപയാണ് ചെലവഴിക്കുന്നത്. അധികം വരുന്ന ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതമാനം കേന്ദ്ര മൃഗസംരക്ഷണ വകുപ്പുമാണ് വഹിക്കുക. ആദ്യഘട്ടത്തില്‍ വാങ്ങിയ 29 ആംബുലന്‍സുകളില്‍ ഒന്ന് പട്ടാമ്പിയില്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.പഞ്ചായത്തുകളില്‍ കര്‍ഷകരുടെ വീട്ടുമുറ്റത്ത് ആംബുലന്‍സും ഡോക്ടറും എത്താന്‍ 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. കര്‍ഷകര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍മാര്‍ ഫോണിലൂടെ നല്‍കും. ഡോക്ടര്‍മാര്‍ നേരിട്ട് വരേണ്ട സാഹചര്യം ആണെങ്കില്‍ അവരെത്തും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പാല്‍, മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പുരസ്‌കാരം നേടിയത് കേരളമാണ്. മലബാര്‍ മേഖലയിലെ പാലിനാണ് ഏറ്റവും കൂടുതല്‍ ഗുണനിലവാരം ഉള്ളത്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച പാല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ദേശീയതലത്തില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ ക്ഷീരകര്‍ഷകനെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

കൂടുതല്‍ പാല്‍ ഉല്‍പാദനക്ഷമതയുള്ള പശുക്കളെ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത് പാല്‍ ഉല്‍പാദനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും. കിടാരി പാര്‍ക്കുകള്‍ സ്ഥാപിച്ച് അതിലൂടെ ഗുണനിലവാരമുള്ള പശുക്കളെ ലഭ്യമാക്കാനാണ് മൃഗസംരക്ഷണ  വകുപ്പ് ലക്ഷ്യമിടുന്നത്.

കാലിത്തീറ്റ കേരളത്തില്‍ സ്വന്തമായി ഉണ്ടാക്കുന്നതിന് സ്ഥലലഭ്യത ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ തീറ്റയ്ക്ക് ചോളം ഉത്പാദിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. മുതലമടയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് മികച്ച വിജയമായിരുന്നു. ഈ രംഗത്തേക്ക് കടന്നുവരുന്ന യുവകര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്‍കും.
നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് സ്ഥലം ലഭ്യമാവുന്ന ഇടങ്ങളിലെല്ലാം എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ യഥേഷ്ടം സ്റ്റോക്കുണ്ട്. കേരളത്തില്‍ എട്ട്‌ ലക്ഷം വളര്‍ത്തു നായ്ക്കളും നാലുലക്ഷത്തോളം തെരുവ് നായ്ക്കളുമാണുള്ളത്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണം. വളര്‍ത്തു നായ്ക്കള്‍ ഉള്ളവര്‍ പഞ്ചായത്തുകളില്‍ നിന്ന് ലൈസന്‍സ് എടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ നീരജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ. ആര്‍. ഗുണാതീത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.